കോണ്‍ഗ്രസിലെ തമ്മിലടി; ഇങ്ങനെ മുന്നോട്ടുപോയാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് യുഡിഎഫ് യോഗം

single-img
15 November 2019

കോണ്‍ഗ്രസിൽ നിലനിൽക്കുന്ന തമ്മിലടിക്കെതിരെ കടുത്ത നിലപാടുമായി യുഡിഎഫ് യോഗം. ഇനിയും കോണ്‍ഗ്രസ് ഒറ്റക്കെട്ടായില്ലെങ്കില്‍ യുഡിഎഫില്‍ വലിയ പ്രശ്നമുണ്ടാകുമെന്ന് മുസ്ലീംലീഗ് മുന്നറിയിപ്പ് നല്‍കി. കോൺഗ്രസിലുള്ള അനൈക്യം മാത്രമാണ് മുന്നണിയിലെ പ്രശ്നമെന്ന് ആർഎസ്‍പിയും തുറന്നടിച്ചു.

ഈ രീതിയിൽ മുന്നോട്ടുപോയാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകും. അത്തരത്തിൽ ഒരു തിരിച്ചടിയുണ്ടായാൽ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും ഘടകക്ഷികള്‍ ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടു. അതേപോലെതന്നെ ശബരിമല വിഷയത്തില്‍സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും വിശാല ബെഞ്ചില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്നും യോഗം വിലയിരുത്തി.

ചർച്ചയിൽ ഉണ്ടായ അഭിപ്രായ പ്രകടനങ്ങളെ തുടർന്ന് പോരായ്മകള്‍ ഉണ്ടായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു. ഇത് രണ്ടാഴ്ചക്കകം തിരുത്തുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അടുത്തുതന്നെ സംസ്ഥാനത്ത നടക്കാനുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കായി യുഡിഎഫ് ഉപസമിതി രൂപീകരിച്ചു. എംഎം ഹസ്സനെ സമിതി കണ്‍വീനറായും 14 ജില്ലകളിലെയും യുഡിഎഫ് ഏകോപന സമിതികള്‍ പുനസംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.