റാഫേല്‍ ഇടപാടില്‍ സ്വതന്ത്ര അന്വേഷണം ഇല്ല; ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി, രാഹുലിനെതിരെ കോടതിയലക്ഷ്യവും ഇല്ല

single-img
14 November 2019

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ റഫേല്‍ അഴിമതി ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി . വിധിയില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന് നിലപാടു വ്യക്തമാക്കിയ കോടതി, ഹര്‍ജികളില്‍ കഴമ്പില്ലെന്നും പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ്, എന്നിവരുടെ ബഞ്ചാണ് വിധി പറഞ്ഞത്. പുനഃപരിശോധനാ ഹര്‍ജിയിലെ വാദം കേട്ട ശേഷമായിരുന്നു വിധിപ്രസ്താവം.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസും കോടതി തള്ളി. ‘കാവല്‍ക്കാരന്‍ കളവ് നടത്തിയെന്ന് സുപ്രീം കോടതിയും അംഗീകരിച്ചു’ എന്ന രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവനയിലാണ് കേസു നിലനിന്നിരുന്നത്.

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നടന്ന റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി ആരോപിച്ച് മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. 2018 ഡിസംബര്‍ 14നാണ് അഴിമതിയാരോപണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്. തുടര്‍ന്ന് വിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി റിവ്യൂ ഹര്‍ജി നല്‍കുകയായിരുന്നു.