കൊല്ലത്ത് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം കടന്നുകളഞ്ഞ യുവാവ് പൊലീസിനു മുന്നിൽ കീഴടങ്ങി

single-img
13 November 2019

കൊല്ലം: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുണ്ടറയ്ക്കടുത്തുള്ള മുളവന സ്വദേശിയായ മോഹനന്റെ മകൾ കൃതി മോഹനെ (25) കൊലപ്പെടുത്തിയെന്ന കേസിലാണ് കൃതിയുടെ ഭർത്താവ് വൈശാഖ് കുണ്ടറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ ഭാര്യവീട്ടിലെത്തിയ വൈശാഖ് കൃതിയുമായി മുറിയില്‍ കയറി വാതിലടച്ചു. ഒന്‍പതു മണിയായിട്ടും ഇരുവരെയും പുറത്തു കാണാഞ്ഞതോടെ അമ്മ ബിന്ദു വാതിലില്‍ തട്ടി വിളിച്ചു. കതക് തുറന്നപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഭാര്യ കുഴഞ്ഞു വീണു എന്നാണ് ഭര്‍ത്താവ് പറഞ്ഞത്. ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ വൈശാഖ് മുങ്ങുകയായിരുന്നു.

സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കം

കൃതി മോഹൻ നാലു വർഷം മുൻപു തലച്ചിറ സ്വദേശിയെ വിവാഹം ചെയ്തിരുന്നു. അതിൽ മൂന്നു വയസുള്ള മകളുണ്ട്. പിന്നീട് ഭർത്താവുമായി പിണങ്ങി വിവാഹബന്ധം വേർപെടുത്തി. കുടുംബസുഹൃത്തു വഴി വൈശാഖിന്റെ ആലോചന വന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനു വൈശാഖുമായുള്ള വിവാഹം നടന്നു. വൈശാഖിന്റേത് ആദ്യ വിവാഹമാണ്. ഗൾഫിലേക്കു പോയ വൈശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങി. ഇതര സംസ്ഥാനങ്ങളിൽ പ്രഫഷനൽ കോഴ്സുകൾക്കു പ്രവേശനം നേടി കൊടുക്കുന്ന ഏജന്റായി പ്രവർത്തിക്കുകയായിരുന്നു.

ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞു കൃതിയുടെ വീട്ടുകാരിൽ നിന്നു വസ്തു പണയപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങിയതായി സൂചനയുണ്ട്. രണ്ടാഴ്ച മുൻപു വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടെങ്കിലും കൃതി നൽകിയില്ല. ഇതിന്റെ പേരിൽ ഇരുവരും പിണങ്ങി. വീട്ടിൽ ബഹളം കൂട്ടിയ ശേഷം വൈശാഖ് കൊല്ലത്തേക്കു പോയി.

കൊലപാതകം കൃതിയുടെ വീട്ടിലെ കിടപ്പുമുറിയിൽ വെച്ച്

തിങ്കളാഴ്ച വൈകുന്നേരം കൃതിയുടെ വീട്ടിലെത്തിയ വൈശാഖ് കുറച്ചു സമയം എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി. അപ്പോൾ വീട്ടുകാർ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് കൃതിയുടെ അമ്മ ബിന്ദു കതകിൽ തട്ടി രണ്ടുപേരെയും ആഹാരം കഴിക്കാൻ വിളിച്ചെങ്കിലും കുറച്ചു കഴിഞ്ഞു മതിയെന്നു പറഞ്ഞു.

രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടർന്നു ബിന്ദു വീണ്ടും വിളിച്ചപ്പോൾ വൈശാഖ് കതക് തുറന്നു. അപ്പോൾ കൃതി കട്ടിലിൽ കിടക്കുകയായിരുന്നു. കൃതിയ്ക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയിൽ കൊണ്ടുപോകാമെന്നും പറഞ്ഞ് വൈശാഖ് അവരെ കട്ടിലിൽ നിന്നും എടുത്തപ്പോൾ വീട്ടുകാർക്കു സംശയം തോന്നി. വൈശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയിൽ കിടത്തി മുറ്റത്തേക്കിറങ്ങി.

ഈ സമയം കൃതിയുടെ പിതാവ് മോഹനൻ പിന്നാലെ ഓടിയെത്തുകയും വൈശാഖ് കാറിൽ കയറി സ്റ്റാർട്ടാക്കിയപ്പോൾ വണ്ടിയുടെ മുന്നിൽ തടസ്സം നിൽക്കുകയും ചെയ്തു. ഇടിച്ചു വീഴ്ത്തുന്ന തരത്തിൽ വണ്ടി മുന്നോട്ട് എടുത്തപ്പോൾ അദ്ദേഹം ഭയന്നു മാറിനിന്നു. തുടർന്നു വൈശാഖ് അമിത വേഗത്തിൽ കാറോടിച്ചു പോവുകയായിരുന്നു.

തുടർന്ന് ബന്ധുക്കൾ കുണ്ടറ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വൈശാഖിന് വേണ്ടി പൊലീസ് സംഭവദിവസം തന്നെ അന്വേഷണം തുടങ്ങിയിരുന്നു. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് പിടിച്ചെടുത്തു. ഇതിനിടയിലാണ് വൈശാഖ് കീഴടങ്ങിയത്.

കൃതിയുടെ പിതാവ് മോഹനൻ പഞ്ചായത്ത് വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനും അമ്മ ബിന്ദു ബ്യൂട്ടീഷനും ആണ്.