അയോധ്യ: നിർണ്ണായക വിധി അൽപ്പസമയത്തിനുള്ളിൽ; ചീഫ് ജസ്റ്റിസ് കോടതിയിലേയ്ക്ക് പുറപ്പെട്ടു

single-img
9 November 2019

അയോധ്യ ഭൂമിതർക്കക്കേസിൽ സുപ്രീം കോടതിയുടെ നിർണ്ണായകവിധി അൽപ്പസമയത്തിനുള്ളിൽ. വിധി പ്രസ്താവിക്കുന്നതിനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സ്വവസതിയിൽ നിന്നും സുപ്രീം കോടതിയിലേയ്ക്ക് പുറപ്പെട്ടു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് അയോധ്യ കേസിൽ വിധി പറയുക. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. നാൽപ്പത് ദിവസം തുടർച്ചയായി വാദം കേട്ടതിനു ശേഷമാണ് കേസിൽ ഇന്ന് വിധി പറയുന്നത്.

അയോധ്യയിൽ ബാബരി മസ്ജിദ് നിന്നിരുന്ന 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാൻ ആയിരുന്നു 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളിൽ ആണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറയുക. വിധിക്ക് മുന്നോടിയായി രാജ്യം അതീവ ജാഗ്രതയിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തില്‍ പരമോന്നത കോടതിയുടെ അന്തിമ തീര്‍പ്പ് എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം.

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. അയോധ്യയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. 4,000 സായുധ സൈനികരെ വിന്യസിച്ചിട്ടുണ്ട്. അതേസമയം സുരക്ഷയൊരുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നൽകി. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം തുറന്നു. സുപ്രീം കോടതിയിലും കനത്ത സുരക്ഷയാണ്. റോഡുകള്‍ അടച്ചു.

വിധി ആരുടെയും വിജയമോ പരാജയമോ ആയി കാണരുതെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെന്നും അദ്ദേഹം പറഞ്ഞു.  

വിധി എന്തുതന്നെയാണെങ്കിലും സൗഹാർദം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയമനത്തോടെയുള്ള പ്രതികരണങ്ങളെ കേരളത്തിലുണ്ടാകാവുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആഹ്വാനം ചെയ്തിട്ടുണ്ട്.