നമുക്കു ചുറ്റും ഇരുള്‍ പരക്കുമ്പോള്‍

single-img
6 November 2019

പ്രേം കുമാര്‍

അടുത്തകാലത്ത് കേള്‍ക്കുന്ന വാര്‍ത്തകളധികവും മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരതകളുടേതാണ്. മനുഷ്യന് ചെയ്യാന്‍ കഴിയുന്ന ക്രൂരതയ്ക്ക് ചിലഅതിര്‍ വരമ്പുകളുണ്ടെന്നാണ് നാം ധരിച്ചിരുന്നത്. എന്നാല്‍ എല്ലാ അതിരുകളെയും ലംഘിച്ചുകൊണ്ട് ക്രൗര്യം വഴിമാറി സഞ്ചരിക്കുകയാണ്. ”സാക്ഷരന്‍’ എന്ന പദം ഒന്നു
തിരിഞ്ഞുപോയാല്‍ ‘രാക്ഷസന്‍’ ആകും എന്ന പറച്ചിലിനെ സാധൂകരിക്കുന്ന തരത്തില്‍ മ്യഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന അത്യന്തം ഹീനമായ സംഭവങ്ങളാണ് അനുദിനം പെരുകുന്നത്.

ഒരു നാടിന്റെ സംസ്‌കാരത്തിന്റെ സൂചകങ്ങളായി പരിഗണിക്കുന്നത് അവിടത്തെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവിത നിലവാരവും സുരക്ഷയു മൊക്കെയാണ്,അത് ഉറപ്പാക്കിയില്ലെങ്കില്‍ നമ്മുടെ എല്ലാ മേനിപറച്ചിലുകളും പൊള്ളയാണെന്ന് വെളിവാകും. അങ്ങനെയൊരു സമൂഹം ഏറ്റവും പ്രാകൃതമെന്ന് വിലയിരുത്ത പ്പെടും.

അത്യന്തം ഭീതിദമായ ഒരു കാലത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നത്. തെരുവുകളില്‍ മാത്രമല്ല വീടിന്റെ അകത്തളങ്ങളില്‍ നിന്നും സ്ത്രീകളുടെയും കുട്ടികളുടെയും
നിലയ്ക്കാത്ത നിലവിളികള്‍ ഉയരുന്നു. പ്രത്യേകിച്ചും കുരുന്നുകുഞ്ഞുങ്ങളുടെ, തൊടുപുഴയില്‍ ഒരു മനുഷ്യപ്പിശാചിന്റെ കിരാത മര്‍ദ്ദനത്തിനിരയായി മരണത്തിന് കീഴടങ്ങിയ ഏഴു വയസ്സുകാരന്റെ തീരാവേദനയുടെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും നാം ഇനിയും മുക്തരായിട്ടില്ല. അങ്ങനെ എത്രയെത്ര കൊടും പാതകങ്ങള്‍. ഇപ്പോള്‍ വാളയാറിലെ ആ കുഞ്ഞുമക്കള്‍. ഒരു കൊച്ചേച്ചിയും കുഞ്ഞനിയത്തിയും. ആ നിഷ്‌കളങ്ക ബാല്യങ്ങള്‍ അനുഭവിച്ചു തീര്‍ത്ത നോവിന്റെ ആഴം വ്യക്തമാക്കാന്‍ ഭാഷ പോലും അശക്തമാണ്. എന്തു മാത്രം കൊടിയ പീഡനങ്ങള്‍ ആ കുരുന്നുകള്‍ അനുഭവിച്ചിട്ടുണ്ടാകാം ആ നരാധമന്മാരില്‍ നിന്ന്.

സ്‌നേഹവും വാത്സല്യവും ലാളനയും സുരക്ഷിതത്വവും സംരക്ഷണവുമെല്ലാം നല്‍കി ആര്‍ദ്രതയോടെ നാം നെഞ്ചോടു ചേര്‍ത്തു നിര്‍ത്തേണ്ട കുഞ്ഞുങ്ങള്‍, ആ പിഞ്ചോമനകളാണ് പീഡിപ്പിക്കപ്പെടുകയും പിച്ചിച്ചീന്തപ്പെടുകയും ചെയ്യുന്നത്. ആ ശിശുരോദനങ്ങളാണ് നമുക്ക് ചുറ്റും ഇരുള്‍ പരത്തികൊണ്ട് മുഴങ്ങിക്കേള്‍ക്കുന്നത്. ഈ കെട്ടകാലത്തിന്റെ ആസുരതയോര്‍ത്ത് ഉള്ള് ഞരങ്ങുന്നു. നീതി നിഷേധിക്കപ്പെട്ട ആ കുഞ്ഞുകണ്ണുകളിലെ നിസ്സഹായതയും നിരാശയത്വവും നിരാശയും എന്നെ വല്ലാതെ ഉലയ്ക്കുന്നു.

സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ വറ്റിവരണ്ട ജീവിതം തന്നെ ചോദ്യച്ചിഹ്നമായിരുന്ന വാളയാറിലെ കുട്ടികള്‍ തിര്‍ത്തും ദരിദരായിരുന്നു. വിശപ്പടക്കാന്‍ കിട്ടുന്ന അല്‍പആഹാരം മാത്രമാണ് ആ കണ്ണുകള്‍ ആര്‍ത്തിയോടെ കാത്തിരുന്നത്. ആ കാത്തിരുപ്പിലാണ് കഴുകന്‍മാര്‍ അതി നീചമായി കൊത്തിപ്പറിച്ച് ഒടുവില്‍ കഴുത്തില്‍ കയര്‍ കുരുക്കി ജീവനും ജീവിതവുമെല്ലാം തൂക്കിലേറ്റിയത്.

ഭയം തളം കെട്ടിയ ആ കുഞ്ഞു കണ്ണുകളില്‍ എരിയുന്ന പകയും നിറയുന്ന പുച്ഛവും ഞാന്‍ കാണുന്നു. ആ കണ്ണുകളുടെ തുറിച്ചു നോട്ടം എന്നെ വേട്ടയാടുന്നു. മൂര്‍ച്ചയോടെ തുളച്ചുകയറുന്ന ആ നോട്ടം കണ്ണുകള്‍ മൂടിക്കെട്ടിയിരിക്കുന്ന നിയമ നീതിന്യായ വ്യവസ്ഥകള്‍ക്ക് നേരെയാണ്. അന്വേഷണം വഴിതെറ്റിച്ച്, തെളിവുകളുണ്ടായിരുന്നിട്ടും മൊഴികളുണ്ടായിരുന്നിട്ടും അതൊക്കെ മറച്ചുവച്ച് കുറ്റവാളികളെ സംരക്ഷിക്കാന്‍ കൂട്ടുനിന്ന അന്വേഷണ സംഘത്തിന് നേരെയാണ്. അവകാശങ്ങളൊന്നും സംരക്ഷിക്കാന്‍ ശക്തിയില്ലാത്ത അവകാശ കമ്മീഷനുകള്‍ക്ക് നേരെയാണ്, എല്ലാ അധികാര സ്ഥാനങ്ങള്‍ക്കും നേരെയാണ്. ഒന്നും പ്രതികരിയ്ക്കാതെ കുറ്റകരമായ മൗനം പാലിക്കുന്ന നമ്മള്‍ ഓരോരുത്തരുടേയും നേരെയാണ്. നീതി നിഷേധത്തിനെതിരെ നടപടി എടുക്കാന്‍, നീതി നടപ്പാക്കാന്‍ എതയെത്ര സംവിധാനങ്ങളുണ്ടിവിടെ; ഭരണകൂടം തന്നെ അതിനു വേണ്ടിയല്ലേ, എന്നിട്ടുമെന്തേ നമ്മുടെ കുഞ്ഞുങ്ങളിങ്ങനെ നിര്‍ദയം വേട്ടനായ്ക്കളാല്‍ കടിച്ചുകീറപ്പെടുന്നത് ?

എല്ലാറ്റിനേക്കാളും വലുത് ജീവനും ജീവിതവും ഭരണഘടന ഉറപ്പു നല്‍കുന്ന നീതിക്കും അവകാശ സംരക്ഷണവുമൊക്കെയാണ്. അത് തിരിച്ചറിയാതെ ആ കുഞ്ഞുങ്ങളുടെ ജാതി മത രാഷ്ട്രീയ സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ തേടി നടക്കുകയാണ് ചിലരിപ്പോള്‍, ചാനലുകളില്‍ അത്തരം ചര്‍ച്ചകള്‍ കൊഴുക്കുന്നു. എന്നിട്ടും ഒരു ഉളുപ്പമില്ലാതെ പരിഷ്‌കൃത സമൂഹം എന്ന് നാം അവകാശപ്പെടുന്നു. അതില്‍ ഊറ്റം കൊളളുന്നു.ഇനിയിപ്പോള്‍ വേണ്ടത് ചര്‍ച്ചകളും സംവാദങ്ങളുമല്ല. ”ആലോചിക്കും. സാധ്യതകള്‍ ആരായൂം, റിപ്പോര്‍ട്ട് നേടും. വീഴ്ചയുണ്ടായി… ജാഗ്രതക്കുറവുണ്ടായി. എല്ലാം
പരിശോധിക്കും. നിയമം നിയമത്തിന്റെ വഴിക്ക് പോകും..’ എന്നുള്ള ആത്മാര്‍ത്ഥതയില്ലാത്ത സ്ഥിരം പല്ലവികളുമല്ല, എത്രയും വേഗം സത്യസന്ധമായ, ആത്മാര്‍ഥതയും ആര്‍ജ്ജവവുമുള്ള പുനരന്വേഷണം ഉണ്ടാകണം. ഈ സമൂഹത്തിനു മുഴുവന്‍
ഭീഷണിയായിട്ടുള്ള ആ കൊടും കുറ്റവാളികളും അവരെ വിശുദ്ധരാക്കി സംരക്ഷിക്കാന്‍ ശ്രമിച്ച കൂട്ടു പ്രതികളും ആരും രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലാത്ത, എല്ലാ തെളിവുക
ളോടും കൂടി കൃത്യതയുള്ള പുനര്‍ വിചാരണയുണ്ടാകണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ആ പിശാചുക്കള്‍ക്ക് ലഭിക്കുക തന്നെ വേണം.

ഇനി ഒരു കുഞ്ഞിന്റെയും കണ്ണുകള്‍ നിറയരുത്. കുഞ്ഞുങ്ങളുടെ കണ്ണീര്‍ വീഴുന്ന മണ്ണ് ശാപം നിറഞ്ഞതാണ്. ഒരു കുഞ്ഞും ഇനി ഇവിടെ ചവിട്ടിയരക്കപ്പെടരുത്, എട്ടും പൊട്ടും തിരിയാത്ത കുരുന്നു കുഞ്ഞുങ്ങളെ കൊല്ലാക്കൊല ചെയ്യുന്നതും, അതിനെ ആത്മഹത്യ
എന്ന ഓമന പേരിട്ട് വിളിക്കുന്നതും ഇനി ഒരിക്കലും ഉണ്ടാകരുത്. ഇത് ഇവിടെ ജീവിക്കുന്ന ഇനി ജീവിക്കാനുള്ള ഓരോ കുഞ്ഞിന്റെയും രക്ഷകര്‍ത്താക്കള്‍ക്കുള്ള മുന്നറിയിപ്പാണ്, പൊതു സമൂഹത്തിനു മുഴുവനുമായുള്ള മുന്നറിയിപ്പാണ്. ഓരോ കുഞ്ഞും
നമ്മുടെ സ്വന്തം ചോരയാണ്, എന്ന മാനവികതയുടെ ചിന്ത നമുക്കുണ്ടാവണം അപ്പോള്‍ ഈ കുഞ്ഞു പൂവുകള്‍ക്ക് ഒരു ചെറിയ പോറല്‍ ഏറ്റാല്‍ പോലും നമ്മുടെ ഉളള് പൊള്ളും. ഞാനും ഒരു കുഞ്ഞിന്റെ അച്ഛനാണ്. നീണ്ട എട്ടു വര്‍ഷം കാത്ത് കാത്തിരുന്ന് നിരന്തരമായുള്ള പ്രാര്‍ത്ഥനയ്ക്കുത്തരമായി ദൈവം നിധിപോലെ നല്‍കിയ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛന്‍.