യുഎപിഎ: അറസ്റ്റിലായവർ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളെന്ന് പോലീസ് വിശദീകരണം

single-img
3 November 2019

കോഴിക്കോട് ജില്ലയിൽ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബും താഹ ഫസലും നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളാണ് എന്ന വിശദീകരണവുമായി പോലീസ്. കാടുകളിൽ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുടെ നാട്ടിലെ കണ്ണികളാണ് ഇവരെന്നാണ് പോലീസ് പറയുന്നത്.

ഇവരുടെ കൈവശമുള്ള ലഘുലേഖകളുടേയോ നോട്ടീസിന്‍റെയോ അടിസ്ഥാനത്തിലല്ല അറസ്റ്റ് ചെയ്തതെന്നും യുഎപിഎ ചുമത്താനുള്ള എല്ലാ തെളിവും ഉണ്ടെന്നുമാണ് പോലീസ് ഇപ്പോഴും പറയുന്നത്. എന്നാൽ, പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പ്രാദേശിക നേതൃത്വവും നിലപാട് കടുപ്പിക്കുകയാണ്.

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ ആഭ്യന്തര വകുപ്പിന്‍റെ നടപടിയെ വിമര്‍ശിച്ച് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് നിയമസഹായം നൽകുന്നത് പാര്‍ട്ടിയാണെന്നാണ് ഇരുവരുടേയും കുടുംബം അവകാശപ്പെടുന്നത്. പക്ഷെ സിപിഎം പ്രാദേശിക നേതൃത്വം ഇക്കാര്യം നിഷേധിക്കുകയാണ്. ഇതുവരെയും പാര്‍ട്ടി നിയമ സഹായം നൽകാൻ തീരുമാനിച്ചിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനും ഏരിയ കമ്മറ്റി അംഗം കാനങ്ങോട്ട് ഹരിദാസനും അറിയിച്ചത്.