വീട്ടിൽ ഒപ്പമിരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ യുവാവിനെ കൊലപ്പെടുത്തി ഭാര്യയെ ബലാത്സംഗം ചെയ്തു

single-img
31 October 2019

ഭോപ്പാൽ: വീട്ടിലെത്തി ഒപ്പം മദ്യപിച്ച സുഹൃത്തുക്കൾ യുവാവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ വിദിഷയിലുള്ള ലാതേരി ഗ്രാമത്തിലാണ് സംഭവം.

ലാതേരി സ്വദേശിയായ നര്‍വാദ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയില്‍ നര്‍വാദയുടെ സുഹൃത്തുക്കളായ സുനില്‍ കുശ്വാഹ, മനോജ് ആഹിർവാർ എന്നിവർ വീട്ടില്‍ എത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നര്‍വാദയോടൊപ്പം മദ്യപിയ്ക്കുന്നതിനിടെയാണ് സംഭവം.

മദ്യലഹരിയില്‍ നര്‍വാദ അവശനായ സമയത്ത് ഇയാളുടെ ഭാര്യയെ സുനില്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് എഴുന്നേറ്റ് ആക്രമണം തടയാന്‍ ശ്രമിച്ചതോടെ മനോജ് നര്‍വദയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പീഡനശേഷം ഇരുവരും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദിച്ചിരുന്നതായും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ബിഎസ് ശിശോദിയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു