‘നായർ വിശന്നുവലഞ്ഞുവരുമ്പോൾ…’: സുകുമാരൻ നായരെ പരിഹസിച്ച് മീശയുടെ രചയിതാവ് എസ് ഹരീഷ്


വട്ടിയൂർക്കാവ് ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫിനു പരസ്യ പിന്തുണ പ്രഖ്യാപിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ പരിഹസിച്ച് കഥാകൃത്ത് എസ് ഹരീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. “നായർ വിശന്നു വലഞ്ഞു വരുമ്പോൾ” എന്നുതുടങ്ങുന്ന കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കവിതയോടൊപ്പം സുകുമാരൻ നായരുടെ ഫോട്ടോ പോസ്റ്റ് ചെയ്താണ് ഹരീഷിന്റെ പരിഹാസം.
എൽഡിഎഫിനെതിരായും യുഡിഎഫിനനുകൂലമായും പരസ്യമായി നിലപാടെടുത്ത എൻഎസ്എസിനും സുകുമാരൻ നായർക്കുമേറ്റ തിരിച്ചടിയായിരുന്നു നായർ സമുദായത്തിനു ഭൂരിപക്ഷമുള്ള വട്ടിയൂർക്കാവിലെ തെരെഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ രണ്ടു തെരെഞ്ഞെടുപ്പിലും മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന ഇടതുമുന്നണിയുടെ വികെ പ്രശാന്ത് പതിനാലായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇക്കുറി വിജയിച്ചത്.
എസ് ഹരീഷിന്റെ മീശ എന്ന നോവലിന്റെ പ്രസിദ്ധീകരണം വർഗീയ വാദികളുടെ പ്രതിഷേധത്തെത്തുടർന്ന് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് നിർത്തിവെച്ചിരുന്നു. അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതിജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന നോവലാണ് മീശ. നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ചിലഭാഗങ്ങൾ ചില കേന്ദ്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് യോഗക്ഷേമസഭ, ബി.ജെ.പി., ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഹിന്ദു സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടർന്നാണ് എഴുത്തുകാരൻ നോവൽ പിൻവലിച്ചത്. മാതൃഭൂമിയിൽ പ്രസിദ്ധീകരണം നിറുത്തിയ നോവൽ ഉടൻതന്നെ കോട്ടയത്തെ ഡി.സി.ബുക്സ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതിന് എതിരെയും ഹിന്ദു വർഗ്ഗീയസംഘടനകൾ പ്രതിഷേധിക്കുകയും പുസ്തകം കത്തിക്കുകയും ചെയ്തിരുന്നു.
ഹരീഷിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:
നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല. ചുട്ടുതിളയ്ക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു. കെട്ടിയ പെണ്ണിനെ മടികൂടാതെ കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു. ഉരുളികൾ കിണ്ടികളൊക്കെയുടച്ചു. ഉരലു വലിച്ചു കിണറ്റിൽ മറിച്ചു. ചിരവയെടുത്തഥ തീയിലെറിഞ്ഞു. അരകല്ലങ്ങു കുളത്തിലെറിഞ്ഞു. അതുകൊണ്ടരിശം തീരാഞ്ഞവനാ പ്പുരയുടെ ചുറ്റും മണ്ടി നടന്നു