കൊച്ചിയിലെ വെള്ളക്കെട്ട്: മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് കളക്ടര്‍ രംഗത്തിറങ്ങിയതെന്ന് ഹൈക്കോടതി; നഗരസഭയ്ക്ക് വീണ്ടും ശകാരം

single-img
23 October 2019

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരസഭയെ വീണ്ടും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. വെള്ളക്കെട്ട് നീക്കാന്‍ നഗരസഭ എന്താണ് ചെയ്തതെന്ന് ചോദിച്ച കോടതി, വിഷയത്തില്‍ മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും ഇടപെടലുകളെ അഭിനന്ദിക്കുകയും ചെയ്തു.

മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് കളക്ടര്‍ രംഗത്തിറങ്ങിയതെന്നും ഇല്ലെങ്കില്‍ എന്താവുമായിരുന്നു നഗരത്തിന്റെ അവസ്ഥയെന്നും കോടതി അഭിപ്രായപ്പെട്ടു. നഗരത്തിലെ വെള്ളക്കെട്ട് നീക്കാന്‍ നഗരസഭ എന്താണ് ചെയ്തതെന്നും കോടതി ചോദിച്ചു.

കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിന് കാരണം വേലിയേറ്റമാണെന്നായിരുന്നു നഗരസഭയുടെ വാദം. എന്നാല്‍ വെറുതെ എന്തെങ്കിലും പറയരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. പരിഹാരം കാണാന്‍ കോര്‍പറേഷന് ശേഷിയുണ്ടോ? ദുരന്തനിവാരണ ഏജന്‍സികളെ വിളിച്ചോയെന്നും കോടതി ചോദിച്ചു.

ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഓടകളിലെ തടസം നീക്കിയപ്പോള്‍ വെള്ളക്കെട്ട് മാറിയത് നഗരസഭ കണ്ടോ എന്നും കോടതി ചോദിച്ചു.