ഗാന്ധി “രാഷ്ട്രപുത്രൻ”: വിവാദ പ്രസ്താവനയുമായി വീണ്ടും പ്രജ്ഞാ സിങ് ഠാക്കൂർ

single-img
21 October 2019

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ രാഷ്ട്രത്തിന്റെ പുത്രനെന്ന് വിശേഷിപ്പിച്ച് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂർ. ഭോപ്പാലില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രജ്ഞാ സിങിന്റെ വിവാദ പ്രസ്താവന. അദ്ദേഹത്തെ രാജ്യം എന്നും ഓര്‍ക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്നും പ്രഗ്യാ സിംഗ് പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ 150-ആം ജന്മദിനം വര്‍ഷം മുഴുവന്‍ ആഘോഷിക്കുവാൻ ബിജെപി തീരുമാനിച്ചിരുന്നു. ഇതിനായി നഗരങ്ങളിലുടനീളം ഗാന്ധി സങ്കല്‍പ്പ് യാത്ര നടത്തുവാനാണ് പാർട്ടിയുടെ പദ്ധതി. എന്നാല്‍ ഇതുവരെയും പ്രജ്ഞാ സിങ് ഈ യാത്രയിൽ പങ്കെടുത്തിരുന്നില്ല. എന്തുകൊണ്ട് ഗാന്ധി സങ്കല്‍പ്പ് യാത്രയില്‍ പങ്കെടുക്കുന്നില്ലെന്ന് ചോദിച്ചപ്പോഴായിരുന്നു പ്രജ്ഞാ സിങിന്റെ വിവാദ പരാമർശം.

“ശ്രീരാ‍മൻ, കൃഷ്ണൻ, മഹാറാണാ പ്രതാപ് എന്നിവരെപ്പോലെ രാഷ്ട്രത്തിന്റെ പുത്രനായിട്ടാണ് ഞാൻ മഹാത്മാ ഗാന്ധിയെ പരിഗണിക്കുന്നത്. അദ്ദേഹം നമ്മുടെ വഴികാട്ടിയായിരുന്നു. നമ്മൾ അദ്ദേഹത്തിന്റെ കാലടികൾ പിന്തുടരുന്നു. ”

പ്രജ്ഞാ സിങ് പറഞ്ഞു.

2019 ല്‍ ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിലാണ് ഭോപ്പാലില്‍ നിന്ന് പ്രഗ്യാ സിംഗ് ജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗാന്ധി ഘാതകനായ നാഥൂറാം ഗോഡ്സെയെ സ്തുതിച്ചത് വലിയ വിവാദമായിരുന്നു.