മുസ്ലീങ്ങളെ പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍; ഫോളോ ചെയ്യുന്നവരില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും

single-img
21 October 2019

രാജ്യത്ത് നിന്നും മുസ്ലീങ്ങളെ പൂര്‍ണ്ണമായി ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നവരില്‍ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും. ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ലിസ്റ്റിലുള്ള #मुस्लिमोकासंपूर्ण_बहिष्कार (മുസ്ലീങ്ങളെ പൂര്‍ണമായി ബഹിഷ്‌കരിക്കുക) എന്ന ഹാഷ്ടാഗുപയോഗിച്ച വിവിധ അക്കൗണ്ടുകളാണ് ഇവര്‍ ഫോളോ ചെയ്യുന്നതായി ദേശീയ മാധ്യമമായ ‘ദ വയര്‍’ കണ്ടെത്തിയത്.

മുസ്ലീങ്ങളെ അധിക്ഷേപിക്കുന്ന രീതിയിലും അവരില്‍ നിന്നു സാധനങ്ങള്‍ വാങ്ങുകയോ അവരുടെ സേവനങ്ങള്‍ സ്വീകരിക്കുകയോ ചെയ്യരുതെന്നും ഈ ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യുന്നവര്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ മത പഠനം നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. സോഷ്യൽ മീഡിയയിലൂടെ വര്‍ഗീയത പ്രചരിപ്പിക്കുന്ന കുറ്റമാണിത്.

ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 153എയുടെ കീഴില്‍ വരുന്ന ഈ കുറ്റത്തിനെതിരെ ഇതുവരെപോലീസോ ബന്ധപ്പെട്ട അധികാരികളോ നടപടിയെടുത്തിട്ടില്ലെന്നും വയര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത കാലത്തായി മുസ്ലീങ്ങളെ അധിക്ഷേപിക്കുന്ന ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.