പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ ആറാട്ടുപുഴ ജി എച്ച് എസ് സ്‌കൂള്‍ ശോചനീയാവസ്ഥയില്‍, ചുറ്റുമതിലില്ലാത്ത സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ഗര്‍ഭ നിരോധന ഉറകളും മദ്യക്കുപ്പികളും പെറുക്കി ക്ലാസ് മുറി വൃത്തിയാക്കി വിദ്യാര്‍ഥികള്‍

single-img
21 October 2019

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലയായ ആറാട്ടുപുഴ മംഗലം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ശോചനീയാവസ്ഥയില്‍. നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടും അത് വിനിയോഗിക്കുന്നില്ലെന്ന് ആരോപണം.

1952ലാണ് ആറാട്ടുപുഴ ജിഎച്ച്എസ് എസ് തുടങ്ങിയത്. ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന സ്‌കൂളാണിത്. സ്‌കൂളിന് ചുറ്റുമതിലില്ലാത്തതിനാല്‍ രാത്രി സമയങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ കടന്നുകയറിന്നതായാണ് പരാതി. രാവിലെ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ ഗര്‍ഭനിരോധന ഉറകളും, മദ്യക്കുപ്പികളും പെറുക്കി ക്ലാസ് മുറി വൃത്തിയാക്കി ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. ക്ലാസ് മുറിയില്‍ സീലിംഗ് ഫാന്‍ വീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവവും ഉണ്ടായി.

സ്‌കൂളിന് ചുറ്റുമതില്‍ കെട്ടാനും, നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി നാലുകോടി രൂപ അനുവദിച്ചിരുന്നു.മൂന്നുകോടി രൂപ ഗവണ്‍മെന്റും ഒരു കോടി സ്ഥലം എംഎല്‍എയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ ഫണ്ടില്‍ നിന്നുമാണ് ലഭിച്ചത്.എന്നാല്‍ സമീപത്തുള്ള ഗ്രൗണ്ട് സംരക്ഷിക്കുക എന്ന കാരണം പറഞ്ഞ് പരിസരവാസികള്‍ രംഗത്തുവന്നതോടെ ചുറ്റുമതില്‍ നിര്‍മ്മാണം തുടങ്ങാനായില്ല. ഇനി രണ്ടുമാസം കഴിഞ്ഞാല്‍ തുക ലാപ്‌സായി പോകും എന്നിരിക്കെ നിര്‍മ്മാണപ്രവര്‍ത്തനം നടത്താതിരിക്കാന്‍ ജനപ്രതിനിധികളും കൂട്ടു നില്‍ക്കുന്നുവെന്നാണ് ആരോപണം.

ചുറ്റുമതില്‍ നിര്‍മ്മിച്ച് സ്‌കൂള്‍ സംരക്ഷിക്കണമെന്ന ആവശ്യമാണ് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ഉന്നയിക്കുന്നത്. ഇക്കാര്യത്തിനായി നിരവധി പരാതികളും നിവേദനങ്ങളും നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്‌