ആരോഗ്യ സംരക്ഷണത്തില്‍ മാതളത്തിന് പ്രാധാന്യമേറെയുണ്ട്


പറഞ്ഞറിയിക്കാവുന്നതിലും ഏറെയാണ് മാതളത്തിന്റെ ഗുണങ്ങള്‍. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ നല്കുന്ന പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് മാതളം കഴിക്കുക എന്നത്. സാധാരണ പറയുന്നതിനേക്കാള്‍ സവിശേഷമായ ഒരു ഗുണം മാതളം കഴിക്കുന്നതു കൊണ്ട് ഉണ്ടാകുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട് . ലോസ് ഏഞ്ചല്‍സിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.
സ്ഥിരമായി മാതളം ജ്യൂസ് കഴിക്കുന്നത്, മൂത്രനാളിയിലുണ്ടാകുന്ന അണുബാധയെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍. പുകച്ചില്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, രൂക്ഷമായ ഗന്ധം, ഇടവിട്ട് മൂത്രമൊഴിക്കാനുള്ള തോന്നല്‍- ഇങ്ങനെ പലതരത്തില്‍ ബുദ്ധിമുട്ടുകളുണ്ടാക്കുന്ന അസുഖമാണിത്. ധാരാളം വെള്ളവും ജ്യൂസും കഴിക്കുന്നത് ഒരു പരിധി വരെ ഈ അസുഖത്തിന്റെ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കും. ഇതിനെക്കാളൊക്കെ എത്രയോ ഇരട്ടി ഗുണമാണത്രേ മാതളം ജ്യൂസിന് നല്‍കാനാവുക.
ധാരാളം ആന്റി ഓക്സിഡന്റുകളടങ്ങിയിരിക്കുന്ന ഫലമാണ് മാതളം. ഇത് ബാക്ടീരിയല്‍ അണുബാധകളെ പരമാവധി തടയുന്നു. കൂടാതെ മാതളത്തിലുള്ള വിറ്റാമിന്‍- സി, മൂത്രനാളിയിലെ അണുബാധയെ പ്രതിരോധിക്കാന്‍ വലിയ തോതില്‍ സഹായിക്കും. പ്രതിരോധശക്തിയെ ബലപ്പെടുത്താനാണ് വിറ്റാമിന്‍- സി ഏറെയും സഹായിക്കുക. കൂടാതെ ജ്യൂസാക്കി മാതളം കഴിക്കുമ്പോള്‍, മൂത്രത്തിന്റെ കട്ടി കുറയുകയും, കൂടുതല്‍ ജലാംശം കലര്‍ന്ന് അത് അസുഖത്തിന്റെ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കുകയും ചെയ്യുന്നു.