‘തമിഴ് എന്റെ മാതൃഭാഷ, അതിനെല്ലാം ഉപരി ഞാന്‍ ഒരു ഇന്ത്യക്കാരി’; വിമര്‍ശകര്‍ക്ക് മിതാലിയുടെ മറുപടി

single-img
16 October 2019

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായ മിതാലി രാജ് തന്റെ ഭാഷാ ഉപയോഗത്തിനെതിരെ ട്വിറ്ററില്‍ വിമര്‍ശനമുന്നയിച്ച ആരാധകന് ഉശിരന്‍ മറുപടി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ വിജയത്തില്‍ മിതാലിയെ അഭിനന്ദിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഇംഗ്ലീഷില്‍ മറുപടി നല്‍കിയതിനെതിരെയാണ് ആരാധകന്‍ ട്വീറ്റു ചെയ്തത്. തമിഴ്നാട്ടില്‍ നിന്നുള്ള മിതാലിക്ക് തമിഴ് ഭാഷ അറിയില്ലെന്നും ഇംഗ്ലീഷും, ഹിന്ദിയുമാണ് മിക്കപ്പോഴും ഉപയോഗിക്കുന്നതെന്നുമായിരുന്നു ട്വീറ്റ്.

ഇയാളുടെ ട്വീറ്റു കണ്ട താരം ഇതിനു തമിഴില്‍ തന്നെ മറുപടി നല്‍കി. ‘തമിഴ് എന്റെ മാതൃഭാഷയാണ്. ഞാന്‍ നല്ലതുപോലെ തമിഴ് സംസാരിക്കും. തമിഴ്‌നാട്ടില്‍ ജീവിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്നാല്‍ അതിനെല്ലാമുപരിയായി ഞാന്‍ ഒരു ഇന്ത്യക്കാരിയാണ്.

പ്രിയപ്പെട്ട സുഗു, നിങ്ങള്‍ ചെയ്ത തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍, ഞാനെന്തു ചെയ്യണമെന്ന നിങ്ങളുടെ ഉപദേശമാണ് എന്നെ കൂടുതല്‍ മുന്നോട്ട് നയിക്കുന്നത്’ -താരം പരിഹാസ്യ രൂപേണ മറുപടി നല്‍കി. ഇതോടൊപ്പം പോപ് ഗായിക ടെയിലര്‍ സ്വിഫ്റ്റിന്റെ പ്രശസ്തമായ ‘ യു നീഡ് റ്റു കാം ഡൗണ്‍’ എന്ന ആല്‍ബവും ഇവര്‍ ഷെയര്‍ ചെയ്തു.