ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കാശ്മീരില്‍ ആദ്യ വനിതാ പ്രക്ഷോഭം; ഉമര്‍ അബ്ദുള്ളയുടെ സഹോദരിയും ബന്ധുവും അറസ്റ്റില്‍

single-img
15 October 2019

ജമ്മു കാശ്മീരില്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയുടെ സഹോദരി സഫിയ അബ്ദുള്ളയും ബന്ധു സുരയ്യ അബ്ദുള്ളയും കസ്റ്റഡിയില്‍. ഇന്ന് ശ്രീനഗറില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഇവിടെ നടന്ന സിവില്‍ സൊസൈറ്റി പ്രക്ഷോഭത്തില്‍ ഇരുവരും പങ്കെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി നടന്ന വനിതാ പ്രക്ഷോഭമായിരുന്നു ഇത്. ശ്രീനഗറിലുള്ള ലാല്‍ ചൗക്കില്‍ നിരവധി സ്ത്രീകള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

ഈ പ്രതിഷേധത്തിനിടെ പോലീസ് സ്ത്രീകളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരില്‍ പലരും മുന്‍ പ്രൊഫസര്‍മാരും കാശ്മീര്‍ താഴ്വരയിലെ അക്കാദമി അംഗങ്ങളുമാണ്.കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും പ്രമുഖ രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കുകയും ചെയ്ത് 73 ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് വനിതാ സിവില്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്. ഇപ്പോള്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള, പിതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരടക്കം ആയിരത്തിലധികം പേരെയാണ് ഓഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.

ഇരുവരെയും കസ്റ്റഡിയിലെടുത്ത നടപടിയില്‍ പ്രതിഷധവുമായി മെഹബൂബ മുഫ്തി രംഗത്തെത്തി. ’56 ഇഞ്ച് ഉള്ള സര്‍ക്കാര്‍ സമാധാനമായി പ്രതിഷേധിച്ച പൗരന്മാരെയും സ്ത്രീകളെയും കസ്റ്റഡിയില്‍ എടുത്തിരിക്കുന്നു. ഒരു നഗരത്തില്‍ മുഴുവനായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നു. പക്ഷെ ഞങ്ങളുടെ വികാരങ്ങളിലും ചിന്തകളിലും ഒരുമാറ്റവും സംഭവിച്ചിട്ടില്ല. ഇതുപോലെ ഇനിയും എത്ര ശബ്ദങ്ങളെ നിങ്ങള്‍ക്ക് അടിച്ചമര്‍ത്താനാവും- മെഹ്ബൂബ മെഫ്തി ചോദിച്ചു. മെഹബൂബയുടെ മകളാണ് അവരുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്.