‘അമിത് ഷാ കൊലക്കേസിലെ കുറ്റാരോപിതന്‍’ ; പരാമർശത്തിൽ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

single-img
11 October 2019

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലക്കേസിലെ കുറ്റാരോപിതന്‍ എന്ന് വിളിച്ചതിനെതിരായ മാനനഷ്ടകേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. കേസ് പരിഗണിച്ച ഗുജറാത്ത് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു രാഹുലിന്റെ പരാമര്‍ശം.

രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി നേതാവ് പ്രഭാത് ജാ ആണ് മാനനഷ്ടക്കേസ് നല്‍കിയത്. ബിജെപി അധ്യക്ഷൻ അമിത് ഷാ ഡയറക്ടര്‍ ആയിരുന്ന അഹമ്മദാബാദ് സഹകരണ ബാങ്കില്‍ നോട്ട് നിരോധന സമയത്തു വന്‍ അഴിമതി നടന്നെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരായ മാനനഷ്ടക്കേസും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

ഈ കേസിലെ രേഖകള്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപേക്ഷയും ഇതോടൊപ്പം കോടതി പരിഗണിക്കും. അതേപോലെ തന്നെ, രാജ്യത്തെ എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് വന്നത് എങ്ങനെയെന്ന പ്രസ്താവനക്കെതിരായ കേസില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സൂറത്ത് കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ ഈ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 10 ലേക്ക് മാറ്റി. താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.