ബംഗാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്തു; അക്രമികളെ പറ്റി സൂചനകളില്ലെന്ന് പോലീസ്


പശ്ചിമ ബംഗാളില്‍ പ്രൈമറി സ്കൂള്‍ അധ്യാപകനായ ആര്‍എസ്എസ് പ്രവര്‍ത്തകനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്തു. മുര്‍ഷിദാബാദിലെ ജിയാഗഞ്ചില്‍ സ്വദേശിയായ പ്രകാശ് പാല്, എട്ടു മാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ബ്യൂട്ടി പാല്, മകന് ആംഗണ് എന്നിവരാണ് വീടിനുള്ളിൽ കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചയോടെ അയല്‍വാസികള്‍ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു.സംശയം തോന്നി പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിച്ചു.
തുടർന്ന് പോലീസ് എത്തി വീട് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. പൂർണ്ണമായി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. എല്ലാവരുടെയും ശരീരത്തിലും കുത്തേറ്റിട്ടുണ്ട്. മാത്രമല്ല കുട്ടിയെ കൊലപ്പെടുത്താന്‍ ശ്വാസം മുട്ടിക്കുകയും ചെയ്തു.
അന്നേദിവസം രാവിലെ 11 മണിയോടെ പ്രകാശ് ചന്തയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. അതിന് ശേഷം ഒരു മണിക്കൂറിനുശേഷം ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. നല്ല മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണു കൊലപാതകം നടത്തിയതെന്നും അക്രമികളെ കുറിച്ചു സൂചനകളില്ലെന്നും പോലീസ് അറിയിച്ചു. കോല ചെയ്യുന്നതിന്റെ മുൻപ് മൂവര്‍ക്കും മയക്കുമരുന്നു നല്‍കിയതായി പോലീസ് സംശയിക്കുന്നു.
കൊലപാതകം നടന്ന വീടിനുള്ളില്‍നിന്നുള്ള ചിത്രങ്ങളും വിഡിയോയും ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എന്നാൽ, പ്രകാശ് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നെങ്കിലും, മരണത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് കരുതുന്നില്ലെന്നും മുര്‍ഷിദാബാദ് ബിജെപി ഉപാധ്യക്ഷന്‍ ഹുമയൂണ്‍ കബീര്‍ പറഞ്ഞു.