ശമ്പളവര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് അംഗീകാരം; മുത്തൂറ്റ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

single-img
10 October 2019

ജീവനക്കാരുടെ ശമ്പളവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. ഇന്ന് വൈകിട്ട് എറണാകുളം ഗസ്റ്റ് ഹൗസിൽ ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.

ജീവനക്കാരുടെ ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, പിരിച്ചുവിടപ്പെട്ട എട്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, 41 പേരുടെ സസ്പെൻഷൻ പിൻവലിക്കുക, താൽക്കാലികമായി 500 രൂപ ശമ്പളം വർധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് ചർച്ചയിൽ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

മുത്തൂറ്റിന്റെ 11 റീജിയണല്‍ ഓഫീസുകളിലെയും 611 ശാഖകളിലെയും 1800 വേറെ ജീവനക്കാരാണ് പണിമുടക്ക് സമരം നടത്തിയിരുന്നത്. ഇടത് തൊഴിലാളി സംഘടനയായ സിഐടിയുവിന്‍റെ പിന്തുണയുള്ള സമരത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ബ്രാഞ്ചിലടക്കം നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്. പലപ്പോഴും സമരക്കാരും ജോലിക്കെത്തിയ ജീവനക്കാരും ഏറ്റുമുട്ടി.സമരം തുടർന്നപ്പോൾ കേരളത്തിലെ ചില ബ്രാഞ്ചുകൾ അടയ്ക്കാൻ തീരുമാനിച്ചതായി മുത്തൂറ്റ് മാനേജ്മെന്‍റ് ‍പ്രഖ്യാപിച്ചു.

പക്ഷെ ഇതിനെതിരെ തൊഴിലാളികൾ നൽകിയ ഹ‍ർജിയിൽ ജോലിക്കെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.