മറ്റുള്ള നെറ്റ് വർക്കുകളിലേക്കുള്ള വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങി റിലയന്‍സ് ജിയോ

single-img
9 October 2019

ജിയോ ഇനിമുതൽ തങ്ങളുടെ നെറ്റ് വർക്കിൽ നിന്നും ഇതര നെറ്റ്‍വര്‍ക്കുകളിലേക്കുള്ള വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങുന്നു. മറ്റുള്ള നെറ്റ്‍വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് ആറ് പൈസ ഈടാക്കുമെന്ന് മുകേഷ് അംബാനി ബുധനാഴ്ച അറിയിച്ചു.

എന്നാൽ ഇത്തരത്തിൽ ഈടാക്കുന്ന പൈസക്ക് തുല്യമായി ഇന്‍റര്‍നെറ്റ് ഡാറ്റ നല്‍കുമെന്നാണ് വാഗ്ദാനം. ജിയോയുടെ ഫോണുകളിലേക്കുള്ള കോളുകള്‍ക്ക് പണം ഈടാക്കില്ല. ജിയോയിൽ നിന്നും ജിയോ, ലാന്‍ഡ്‍ലൈന്‍, സോഷ്യല്‍ മീഡിയ ആപ്പ് ഉപയോഗിച്ചുള്ള കാളുകള്‍ എന്നിവക്ക് നിരക്ക് ബാധകമല്ല. അടുത്ത വർഷം ജനുവരി വരെ കാളുകള്‍ക്കുള്ള കുറഞ്ഞ നിരക്ക് ആറ് പൈസയായി ട്രായി കുറച്ചിരുന്നു. ഇതിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ അവശേഷിക്കെയാണ് പണമീടാക്കാനുള്ള ജിയോയുടെ നീക്കം.

കമ്പനിയുടെ തുടക്കം മുതല്‍ ജിയോ സൗജന്യമായിട്ടായിരുന്നു വോയിസ് കോളുകള്‍ അനുവദിച്ചത്. ഇതുമൂലം എയര്‍ടെല്‍ വോഡഫോണ്‍ ഐഡിയ കമ്പനികള്‍ക്ക് 13500 കോടി രൂപയാണ് ജിയോ നല്‍കിയത്. ഈ വഴിയിലുണ്ടായ നഷ്ടം നികത്താനാണ് ഇതര നെറ്റ്‍വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ജിയോ തീരുമാനിച്ചത്. ഇപ്പോൾ ഇന്‍റര്‍നെറ്റ് ഡാറ്റക്ക് മാത്രമാണ് ജിയോ പണം ഈടാക്കുന്നത്.