ഷാജുവും സിലിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു: ഷാജുവിനെതിരെ സിലിയുടെ സഹോദരങ്ങൾ
8 October 2019
കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഷാജുവിന്റെ അവകാശവാദങ്ങൾ തള്ളി മരിച്ച ആദ്യഭാര്യ സിലിയുടെ ബന്ധുക്കൾ. ഷാജുവും സിലിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സിലിയുടെ സഹോദരങ്ങൾ പൊലീസിന് മൊഴിനൽകി.
ഷാജുവിന്റെ രണ്ടാം വിവാഹത്തില്‍ സിലിയുടെ കുടുംബാംഗങ്ങള്‍ ആരും പങ്കെടുത്തിട്ടില്ലെന്നാണ് മൊഴി. സഹോദരങ്ങളായ സിജോയും സ്മിതയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നല്‍കിയത്. ഇവരുടെ മൊഴിയെടുക്കല്‍ പയ്യോളിയിൽ തുടരുകയാണ്.
അതേസമയം, സിലിയുടെ മരണത്തിൽ ദുരൂഹത തോന്നിയിരുന്നില്ലെന്ന്, സിലിയെ ചികിത്സിച്ച ഓമശേരി ശാന്തി ആശുപത്രി അധികൃതർ വ്യക്തമാക്കി. സമാന ലക്ഷണങ്ങളോടെ സിലി മുൻപും ചികിത്സ തേടിയിരുന്നു. സിലിയുടെ മകൾ ആൽഫൈനെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. കൊല്ലപ്പെട്ട ആറു പേരും ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. ഇതിന്റെ രേഖകൾ പൊലീസിനു കൈമാറി.