ഡൽഹിയുടെ മുഖ്യമന്ത്രി ആകുക എന്നത് വലിയ ബഹുമതി; നടക്കണമെന്ന് ഏറെ ആഗ്രഹമുള്ള ഒരു സ്വപ്നമെന്ന് ഗൗതം ഗംഭീര്‍

single-img
5 October 2019

സ്വന്തം തട്ടകമായിരുന്ന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം വലിയ രാഷ്ട്രീയ ഉത്തരവാദിത്വമാണ് ഗംഭീര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴും തനിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടിയൊന്നുമില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. പാർട്ടി ഡൽഹിയുടെ ചുമതലയേറ്റെടുക്കണമെന്ന് പറയുകയാണെങ്കില്‍ അതിന് തയാറാണെന്നാണ് താരം വ്യക്തമാക്കുന്നത്. മുൻപ്എംപിയായിരുന്ന യോഗി ആദിത്യനാഥിനെ യുപിയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംസ്ഥാനത്തെ മുഖ്യമന്ത്രിയായി ബിജെപി അവരോധിക്കുകയായിരുന്നു.

അതേപോലെ ഡൽഹിയിൽ സംഭവിച്ചാല്‍ എന്താകും നിലപാടെന്നാണ് ഗംഭീറിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഡൽഹിയിൽ അങ്ങനെ സംഭവിച്ചാല്‍ അത് വലിയ ബഹുമതിയാകും. നടക്കണം എന്ന് ഏറെ ആഗ്രഹമുള്ള ഒരു സ്വപ്നമാണ് അതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ തന്‍റെ ശ്രദ്ധ മുഴുവന്‍ ഈസ്റ്റ് ദില്ലിയുടെ കാര്യത്തിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഡൽഹിയിലും എന്‍ആര്‍സി (ദേശീയ പൗരത്വ രജിസ്റ്റര്‍) നടപ്പാക്കണമെന്നുള്ള സംസ്ഥാന ബിജെപി അധ്യക്ഷന്‍റെ ആവശ്യത്തോട് അതിവേഗം വേണ്ടെന്നാണ് ഗംഭീര്‍ പ്രതികരിച്ചത്. അഥവാ, ഡൽഹിയിൽ എന്‍ആര്‍സി നടപ്പാക്കുമ്പോള്‍ അതൊരു ബിജെപി സര്‍ക്കാര്‍ ഭരിക്കുമ്പോഴാകണമെന്നും ഗംഭീര്‍ പറഞ്ഞു.