അനധികൃത കെട്ടിടനിർമാണം തലസ്ഥാനത്തും: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ കാറ്റിൽപ്പറത്തി ഫെയർ സലൂൺ ഉടമ വിജയ് ബാബു

single-img
3 October 2019

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഹൃദയഭാ‍ഗത്ത് നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി അനധികൃത കെട്ടിടനിർമാണം നടക്കുന്നതായി പരാതി. കണ്ണമ്മൂല ജംക്ഷനടുത്തുള്ള പ്രശസ്തമായ ഫെയർ ഹെയർ കട്ടിംഗ് സലൂൺ ഉടമ വിജി എന്നുവിളിക്കുന്ന വിജയ് ബാബുവിനെതിരെയാണ് അനധികൃത നിർമാണത്തിന് നഗരസഭ പരാതി നൽകിയിരിക്കുന്നത്.

ഫെയർ സലൂണിന്റെ പുറകിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടങ്ങൾ നിർമ്മിക്കുന്നത് ചട്ടങ്ങൾ പാലിക്കാതെയാണെന്നാരോപിച്ച് നഗരസഭ വിജയ് ബാബുവിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ മെമ്മോ അവഗണിച്ച് നിർമാണം തുടർന്നുവെന്നാരോപിച്ച് നഗരസഭ ആദ്യം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലും പിന്നീട് കമ്മീഷണർ ഡിജിപി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

2018 ജൂലൈ മാസത്തിലാണ് വിജയ് ബാബു കെട്ടിടനിർമ്മാണത്തിനായി നഗരസഭയിൽ അപേക്ഷ നൽകിയത്. അപേക്ഷയിന്മേൽ നിർമാണത്തിന് ആദ്യം നഗരസഭ അനുമതി നൽകിയെങ്കിലും വിജയ് ബാബു കെട്ടിടനിർമ്മാണ നടത്താനുദ്ദേശിക്കുന്ന വസ്തു ‘നിലം’ ആണെന്ന് നഗരസഭയുടെ അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് നിർമാണം നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.

2017-ൽ തന്റെ ‘നിലം’ പുരയിടമാക്കി ഉപയോഗിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി നിയോഗിച്ച സമിതിയുടെ അന്വേഷണത്തിൽ അത് നിലമാണെന്ന് കണ്ടെത്തുകയും 2008-ലെ ചതുപ്പുനില സംരക്ഷണ നിയമപ്രകാരമുള്ള ഡേറ്റാ ബാങ്കിലുൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് ഭൂമി പൊതു ആവശ്യത്തിനല്ലാതെ നികത്താൻ ( നിലത്തിലെ നീരൊഴുക്ക് തടസ്സപ്പെടുത്താതെ) പാടില്ലെന്ന് റവന്യൂ ഡിവിഷണൽ ഓഫീസർ ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിനെതിരെ വിജയ് ബാബു ലാൻഡ് റവന്യൂ കമ്മീഷണർക്ക് നൽകിയ അപ്പീലിലും വിജയ് ബാബുവിനെതിരായാണ് വിധിയുണ്ടായത്.

എന്നാൽ ഈ പരാതികൾക്കും ഉത്തരവുകൾക്കുമെല്ലാം മുകളിൽ വിജയ് ബാബു നിർമ്മാണ പ്രവൃത്തികൾ നടത്തുന്നുണ്ടെന്ന് പരിസരവാസികൾ ആരോപിക്കുന്നു. പകൽ സമയം നിർത്തിവെയ്ക്കുന്ന നിർമാണ പ്രവൃത്തികൾ രാത്രിയിൽ നടത്താറുള്ളതായി തങ്ങളുടെ അന്വേഷണത്തിൽ മനസിലായതായി നഗരസഭയിലെ അസിസ്റ്റന്റ് എഞ്ചിനീയർ നന്ദു ഇവാർത്തയോട് പറഞ്ഞു. എന്നാൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവിനു ശേഷം താൻ നിർമാണ പ്രവൃത്തികൾ നടത്തിയിട്ടില്ലെന്ന് വിജയ് ബാബു ഇവാർത്തയോട് പറഞ്ഞു.

വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള നിലത്തിന്റെ അടുത്തുള്ള കൃഷിസ്ഥലം ഇദ്ദേഹം കയ്യേറിയതായും സ്ഥലമുടമ ഉഷാകുമാരി ആരോപിക്കുന്നു. ഇതു സംബന്ധിച്ച് ഇവർ പരാതി നൽകിയിട്ടുമുണ്ട്.

തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് നടക്കുന്ന ഈ അനധികൃതനിർമാണത്തിനും കയ്യേറ്റത്തിനുമെതിരെ സർക്കാർ ശരിയായ നടപടികൾ സ്വീകരിക്കാത്തത് വിജയ് ബാബുവിന്റെ ഉന്നത സ്വാധീനം കൊണ്ടാണെന്നാണ് ഉഷാകുമാരിയും ബന്ധുക്കളും ആരോപിക്കുന്നു. പൃഥ്വിരാജ് അടക്കമുള്ള താരങ്ങളുടെ കേശാലങ്കാരം ചെയ്യുന്നയാളാണ് വിജയ് ബാബു.