രാജ്യത്തെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴ് എന്ന് പ്രധാനമന്ത്രി; എങ്കിൽ ഔദ്യോഗിക ഭാഷയാക്കണമെന്ന് എംകെ സ്റ്റാലിന്‍

single-img
1 October 2019

തമിഴിലെ രാജ്യത്തെ ഔദ്യോഗിക ഭാഷയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴ് എന്ന് പ്രധാനമന്ത്രി തന്നെ അംഗീകരിച്ച സ്ഥിതിക്ക്, തമിഴ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കാൻ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും സ്റ്റാലിൻ വ്യക്തമാക്കി. ഇന്ന് നടന്ന മദ്രാസ് ഐഐടിയുടെ 56-ാമത് വാര്‍ഷിക ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതിന് ചെന്നൈയിൽ എത്തിയപ്പോഴാണ് തമിഴ് പ്രാചീനവും സമ്പന്നവുമായ ഭാഷയാണെന്നും അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ തമിഴില്‍ സംസാരിച്ചിരുന്നുവെന്നും മോദി പറഞ്ഞത്.

തമിഴ് ഭാഷയെ സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി സ്റ്റാലിൻ പറഞ്ഞു. യുഎസിൽ വച്ച് താന്‍ തമിഴില്‍ പറഞ്ഞ വാക്കുകള്‍ അമേരിക്കയില്‍ തമിഴിനെ വലിയ ചര്‍ച്ചാവിഷയമാക്കി മാറ്റിയിരിക്കുകയാണെന്നും മോദി പറയുകയുണ്ടായി. ഇന്ന് ചെന്നൈ വിമാനത്താവളത്തിൽവെച്ച് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ സംഘകാല കവി കണിയന്‍ പൂംകുണ്ട്രനാറുടെ വരികള്‍ ഉദ്ധരിച്ച് മോദി സംസാരിച്ചിരുന്നു. ‘ലോകത്തിലെ എല്ലാ ഇടങ്ങളും നമുക്ക് ഒന്നാണ്, എല്ലാവരും നമ്മുടെ സ്വന്തക്കാരാണ്’ എന്ന് അർത്ഥമാകുന്ന വരികളാണ് മോദി ഉദ്ധരിച്ചത്. രാജ്യമാകെ ഹിന്ദി ഭാഷാ വിവാദം കത്തുന്നതിനിടയിലാണ് തമിഴ് ഭാഷയെ പ്രകീർത്തിച്ചുള്ള മോദിയുടെ പരാമർശം.