പേടിക്കേണ്ടത് പഞ്ചവടിപ്പാലം പണിഞ്ഞവരെ; കിഫ്‌ബിയിൽ സിഎജി ഓഡിറ്റ് നടത്തട്ടെ എന്ന് മന്ത്രി തോമസ് ഐസക്

single-img
24 September 2019

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഴിമതി ആരോപിക്കുന്ന കിഫ്‌ബിയിൽ സിഎജി ഓഡിറ്റ് നടത്തണം എന്നാണ് തന്‍റെ അഭിപ്രായമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സർക്കാർ ഫണ്ട്‌ നൽകുന്ന എല്ലാ സ്ഥാപനങ്ങളിലും ഓഡിറ്റ് നടത്താൻ കഴിയും. സിഎജിയുടെ നിയമത്തിലും ഇതുതന്നെയാണ് പറയുന്നത്. കിഫ്‌ബി കമ്പനി നിയമത്തിൽ രൂപീകരിച്ചതിൽ ആ രീതിയിലുള്ള ഓഡിറ്റും നടക്കണം. ഇപ്പോൾ ഉയരുന്ന വിവാദങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. പ്രതിപക്ഷനേതാവ് കാര്യങ്ങൾ പഠിക്കാതെ ആണ് പ്രതികരിക്കുന്നത്. നമ്മൾ പേടിക്കേണ്ടത് പഞ്ചവടിപ്പാലം പണിഞ്ഞവരാണ്.

നിലവിൽ കിഫ്ബിയിൽ ആവശ്യത്തിനുള്ള ജോലിക്കാർ മാത്രമേയുള്ളു. സംസ്ഥാനത്തിന് വലിയ നേട്ടമുണ്ടാകുന്നതാണ് ട്രാൻസ്‍ഗ്രിഡ്. കാര്യങ്ങൾ ശരിയായി അറിയാത്തതാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രശ്നം. അദ്ദേഹം ചോദിച്ച ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.

കിഫ്ബി നൽകുന്ന വായ്പ ഉപയോഗിച്ച് നടപ്പാക്കുന്ന കെഎസ്ഇബിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ 10 ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്‍കിയിരുന്നു. പക്ഷെ മുഖ്യമന്ത്രി നൽകിയ മറുപടി കണ്ണിൽ പൊടിയിൽ മാത്രമാണെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.