കിഫ്ബിയിൽ എല്ലാം സുതാര്യം; ചെന്നിത്തലയ്ക്ക് ഓണ്‍ലൈനായി വിവരങ്ങള്‍ പരിശോധിക്കാം; മറുപടിയുമായി മന്ത്രി തോമസ് ഐസക്

single-img
22 September 2019

കേരള സർക്കാർ വികസന പങ്കാളിയായ കിഫ്ബിയിൽ എല്ലാം സുതാര്യമെന്ന് ധനമന്ത്രി തോമസ് ഐസക്.
ആർക്കും ഓണ്‍ലൈനായി വിവരങ്ങള്‍ പരിശോധിക്കാമെന്നും ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന് എന്ത് വിശദീകരണം വേണമെങ്കിലും നല്‍കാമെന്നും ആദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിന് ആവശ്യമെങ്കിൽ കിഫ്ബിയുടെ സിഇഒ കാര്യങ്ങള്‍ നേരില്‍ വിശദീകരിക്കും. അതും പോരെങ്കില്‍ മന്ത്രിയെന്ന നിലയില്‍ താന്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കിഫ്ബിയെക്കാള്‍ സുതാര്യമായ ഏത് പദ്ധതിയാണ് കേരളത്തില്‍ വേറെയുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കിഫ്ബിയിലൂടെ വൈദ്യുതി ബോര്‍ഡ് നടപ്പാക്കിയ പദ്ധതികളില്‍ വന്‍ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

അദ്ദേഹത്തിന്റെ ആരോപണത്തിൽ ഇതിന്റെ ഭാഗമായി പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍, കിഫ്ബി വായ്പ, എസ്റ്റിമേറ്റ്, ചീഫ് എന്‍ജിനീയര്‍ നിയമനം തുടങ്ങി വിവിധ നടപടികളില്‍ നടന്നിട്ടുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച ചോദ്യങ്ങളും ഉയർത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് തോമസ് ഐസക്ക് നല്‍കിയത്.