കര്‍ഷകര്‍ക്ക് തിരിച്ചടിയായി റിസര്‍വ്വ് ബാങ്ക് തീരുമാനം; സ്വര്‍ണപ്പണയ കാര്‍ഷിക വായ്പയ്ക്ക് നിയന്ത്രണം

single-img
21 September 2019

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി റിസര്‍വ് ബാങ്ക് സമിതിയുടെ തീരുമാനം. സ്വര്‍ണപ്പണയ ത്തിനുമേല്‍ പലിശയിളവുള്ള വായ്പ നിര്‍ത്തലാക്കാനാണ് റിസര്‍വ് ബാങ്ക് നിയോഗിച്ച ഇന്റേണല്‍ വര്‍ക്കിങ് ഗ്രൂപ്പ് നല്‍കിയ ശുപാര്‍ശ.

ഹ്രസ്വകാല കാര്‍ഷികവായ്പകളെല്ലാം കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ മാത്രമാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കഴിഞ്ഞയാഴ്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാര്‍ഷികവായ്പാ വിതരണത്തില്‍ രാജ്യത്തെ വിവിധ മേഖലകള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കര്‍ഷകര്‍ക്കുള്ള സ്വര്‍ണപ്പണയ വായ്പകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ ആരോപണം ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്. വായ്പനല്‍കുന്നത് കൃഷിക്കുവേണ്ട ചെലവിന്റെ അടിസ്ഥാനത്തിലല്ല, സ്വര്‍ണത്തിന്റെ അളവനുസരിച്ചാണ്. ആളുകള്‍ ആവശ്യമുള്ളതിലും കൂടുതല്‍ വായ്പയെടുക്കും. ഇത്തരം വായ്പകള്‍ കര്‍ഷകരുടെ കടബാധ്യത വര്‍ധിപ്പിക്കുന്നതായും കമ്മിറ്റി വിലയിരുത്തി.