വാട്സാപ്പും ഇന്‍സ്റ്റഗ്രാമും വിൽക്കണമെന്ന് അമേരിക്കൻ സെനറ്റ്; നിർദ്ദേശം തള്ളി മാര്‍ക്ക് സക്കര്‍ബര്‍ഗ്
ലോകത്തെ തന്നെ ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളായ വാട്സാപ്പും ഇന്‍സ്റ്റഗ്രാമും വിൽക്കണമെന്ന അമേരിക്കൻ സെനറ്റ് ആവശ്യം തള്ളി ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇന്നലെ വാഷിങ്ടണില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സക്കര്‍ബര്‍ഗ് തന്റെ നിലപാട് വ്യക്തമാക്കിയത്. യുസിലെത്തിയ സക്കര്‍ബര്‍ഗ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും വിഷയത്തിൽ ചര്‍ച്ച നടത്തി.
യുഎസ് സെനറ്റംഗം ജോഷ് ഹാവ്ലിയാണ് വാട്സാപ്പും ഇന്‍സ്റ്റഗ്രാമും ഒഴിവാക്കാന്‍ സക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടത്. ഇതോടൊപ്പം ഓണ്‍ലൈന്‍ സ്വകാര്യത, സെന്‍ഷര്‍ഷിപ്പ്, രാഷ്ട്രീയ പരസ്യങ്ങള്‍, ഓണ്‍ലൈന്‍ മേഖലയിലെ മത്സരം തുടങ്ങിയവയും അദ്ദേഹം വിഷയമായി ഉയർത്തി. 2018 ഏപ്രിലിൽ വാഷിങ്ടണില്‍ സെനറ്റംഗങ്ങള്‍ക്ക് മുമ്പില്‍ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞിരുന്നു.
അന്ന് വിവാദമായ കേംബ്രിജ് അനലറ്റിക്ക വിവാദത്തിന്റെ പേരിലായിരുന്നു അത്. ബ്രിട്ടൻ ആസ്ഥാനമായ കമ്പനി രഹസ്യമായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി രാഷ്ടീയാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നായിരുന്നു ആരോപണം. സമാനമായ രീതിയിൽ 2016ലെ അമേരിക്കൻ തെരെഞ്ഞെടുപ്പില്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കപ്പെട്ടു എന്നും വാര്‍ത്തകള്‍ വന്നിരുന്നു.