കേന്ദ്രമന്ത്രി വി മുരളീധരന്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു; പോലീസ് സുരക്ഷ ഒരുക്കിയില്ലെന്ന പരാതിയുമായി കെ സുരേന്ദ്രന്‍

single-img
19 September 2019

അടുത്തുതന്നെ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലായില്‍ എത്തിയ കേന്ദ്ര പാര്‍ലമെന്‍ററി-വിദേശകാര്യസഹമന്ത്രി വി മുരളീധരന് പോലീസ് സുരക്ഷ ഒരുക്കിയില്ലെന്ന് പരാതി. മന്ത്രി ചെങ്ങന്നൂരില്‍ എത്തിയപ്പോള്‍ കേന്ദ്രമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥനെ പോലീസ് പിന്‍വലിച്ചെന്നും അതിനാൽ മുരളീധരന്‍ പാലായില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു.

ഗതാഗതക്കുരുക്കിൽ പെട്ടതിനാൽ വൈകിയെത്തിയ കേന്ദ്രമന്ത്രിക്ക് ഡൽഹിക്കുള്ള വിമാനം പുറപ്പെടും മുന്‍പ് നെടുമ്പാശ്ശേരിയില്‍ എത്താന്‍ സാധിച്ചില്ലെന്നും സുരേന്ദ്രന്‍ പരാതിപ്പെടുന്നു. കേരളത്തിലെത്തിയ കേന്ദ്രമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായത് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.