കേരളസർക്കാരിന്‍റെ ഓണം ബമ്പർ ലോട്ടറി അടിച്ചത് ഈ ആറ് സെയിൽസ്‍മാൻമാർ ചേർന്നെടുത്ത ടിക്കറ്റിന്

single-img
19 September 2019

സംസ്ഥാന സർക്കാരിന്‍റെ ഓണം ബമ്പർ ലോട്ടറിയുടെ ഫലം വന്നപ്പോൾ ഭാഗ്യം കടാക്ഷിച്ചത് കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറ് സെയിൽസ്‍മാൻമാർക്ക്. റിസൾട്ട് വന്നപ്പോൾ തങ്ങൾക്കാണ് ഒന്നാം സമ്മാനം എന്നറിഞ്ഞ അമ്പരപ്പ് മാറിയിട്ടില്ല ഇവർക്ക്. സെയിൽസ്‍മാൻമാരായ രാജീവൻ, രംജിം, റോണി, വിവേക്, സുബിൻ, രതീഷ് എന്നിവർക്കാണ് 12 കോടി സമ്മാനമടിച്ചത്. സമ്മാനമായി ലഭിക്കുന്ന തുക സ്വന്തം ആവശ്യത്തിനായി മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനത്തിന് കൂടി ഉപയോഗിക്കുമെന്ന് ഇവർ ഒരേ സ്വരത്തിൽ പറയുന്നു. ഒന്നാം സമ്മാനമായ12 കോടി രൂപയിൽ നികുതി കിഴിച്ച് ഇവർക്ക് 7.56 കോടി രൂപ കൈയ്യിൽ കിട്ടും.

ആലപ്പുഴ ജില്ലയിലെ കായംകുളം ശ്രീമുരു​ഗാ ലോട്ടറി ഏജന്റ് ശിവൻകുട്ടി വിറ്റ ടിക്കറ്റാണിത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി ഒന്നാം സമ്മാനമായി കിട്ടിയ ഭാഗ്യവാൻമാർക്ക് അഭിനന്ദനപ്രവാഹമാണ്. അതേസമയം രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപ 10 പേർക്കാണ് ലഭിക്കുന്നത്.

കഴിഞ്ഞ വർഷം ഓണത്തിന് ഇറക്കിയ ടിക്കറ്റിൽ 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. ആകെ അച്ചടിച്ച 46 ലക്ഷം ടിക്കറ്റുകളിൽ 43 ലക്ഷത്തിലേറെയും വിറ്റുപോയിട്ടുണ്ട്. ഇത്തരത്തിൽ ടിക്കറ്റ് വിൽപ്പനയിലൂടെ സംസ്ഥാന സർക്കാറിന് 29 കോടി വരുമാനമായി കിട്ടി.