കോണ്‍ഗ്രസില്‍ 12 വര്‍ഷത്തിനുള്ളില്‍ ആദ്യമായി രാഹുല്‍ ഗാന്ധി പങ്കെടുക്കാതെ യോഗം

single-img
13 September 2019

കോണ്‍ഗ്രസ് പാർട്ടിയുടെ ഇടക്കാല പ്രസിഡന്‍റ് സോണിയാ ഗാന്ധി വിളിച്ച യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല. അടുത്തുവരുന്ന മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് സോണിയ യോഗം വിളിച്ചത്.

12 വര്‍ഷത്തിനുള്ളിൽ ആദ്യമായാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കാതെ കോണ്‍ഗ്രസിന്‍റെ നിര്‍ണായക യോഗം നടക്കുന്നത്. സോണിയാ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തിലാണ് യോഗം നടന്നത്.

കോൺഗ്രസ്‌ ദേശീയ ജനറല്‍ സെക്രട്ടറിമാരുടെയും പിസിസി പ്രസിഡന്‍റുമാരുടെയും സംസ്ഥാന നിയമസഭാ കക്ഷി നേതാക്കളുടെയും യോഗമാണ് വ്യാഴാഴ്ച സോണിയാ ഗാന്ധി വിളിച്ചുചേര്‍ത്തത്.

പ്രസ്തുത യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ മന്‍മോഹന്‍ സിംഗ്, എ കെ ആന്‍റണി എന്നിവര്‍ പങ്കെടുത്തു. നിലവിൽ പ്രത്യേക സ്ഥാനമില്ലാത്തതിനാലാണ് രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മന്‍മോഹന്‍ സിംഗിനെ ക്ഷണിച്ചത്.

രാഹുൽ ഗാന്ധി ദേശീയ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചതിന് ശേഷം വര്‍ക്കിംഗ് കമ്മിറ്റി അംഗമെന്നല്ലാതെ പ്രത്യേക പാര്‍ട്ടി പദവികളൊന്നുമില്ല. ഇത്തരത്തിൽ പാര്‍ട്ടി പദവിയില്ലെങ്കിലും രാഹുല്‍ ഗാന്ധിക്ക് യോഗത്തില്‍ പങ്കെടുക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സമാനമായി പ്രത്യേക പാര്‍ട്ടി പദവികളൊന്നുമില്ലെങ്കിലും എകെ ആന്‍റണിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.