തെണ്ടുല്‍ക്കറെ മറികടന്ന് സ്മിത്ത്; ഇനി മുന്നിൽ സാക്ഷാൽ ഡോണ്‍ ബ്രാഡ്മാൻ മാത്രം

single-img
5 September 2019

ഓസ്‌ട്രേലിയന്‍ സ്റ്റാർ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് ആഷസിലെ നാലാം ടെസ്റ്റിലും സെഞ്ചുറി നേടിയതോടെ സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടന്ന് റിക്കോഡിട്ടു. സ്മിത്തിന്റെ കരിയറിലെ 26-ാം സെഞ്ചുറിയായിരുന്നു ഇന്ന് നേടിയത്. ലോകത്തിൽ ഏറ്റവും വേഗം ടെസ്റ്റില്‍ 26 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ സ്മിത്ത് ഇതോടെ രണ്ടാം സ്ഥാനത്തെത്തി. പട്ടികയിൽ രണ്ടാമതുണ്ടായിരുന്ന സച്ചിനിപ്പോള്‍ മൂന്നാം സ്ഥാനത്തേക്കാണു പിന്തള്ളപ്പെട്ടത്. ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസമായ ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാമത്.

ടെസ്റ്റിലെ 121 ഇന്നിങ്‌സുകളിലാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്. സച്ചിൻ ഈ നേട്ടം കൈവരിക്കാൻ 136 ഇന്നിങ്‌സുകളാണ് കളിക്കേണ്ടിവന്നത്. പക്ഷെ വെറും 69 ഇന്നിങ്‌സുകളില്‍ നിന്നാണ് ബ്രാഡ്മാന്‍ ഈ നേട്ടം കൈവരിച്ചത്. ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോഡില്‍ നടക്കുന്ന ടെസ്റ്റിലാണ് സ്മിത്ത് തന്റെ സെഞ്ചുറിനേട്ടം വര്‍ധിപ്പിച്ചത്. ടൂർണമെന്റിൽ ഇംഗ്ലീഷ് പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറില്‍ തലയ്ക്കു പരിക്കേറ്റ സ്മിത്തിനു മൂന്നാം ടെസ്റ്റ് നഷ്ടമായിരുന്നു. അതിൽ നിന്നുള്ള തിരിച്ചുവരവാണ് അദ്ദേഹം ആഘോഷമാക്കിയത്.

ഇന്നലെ കളി അവസാനിക്കുമ്പോൾ 60 റണ്‍സില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടി വന്ന സ്മിത്ത് ഇന്നാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇന്നിംഗ്‌സിൽ 11 ഫോറും രണ്ട് സിക്‌സറും അടക്കമാണ് സ്മിത്തിന്റെ സെഞ്ചുറിനേട്ടം. ഈ ടൂർണമെന്റിൽ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും സ്മിത്ത് സെഞ്ചുറി നേടിയിരുന്നു. 144, 142 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ആ ടെസ്റ്റില്‍ 251 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഓസീസ് ആതിഥേയര്‍ക്കെതിരെ നേടിയത്.