പോലീസ് മാന്യമായി ഇടപെടാനും പെരുമാറാനും ശീലിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

single-img
2 September 2019

സംസ്ഥാനത്തെ പോലീസിനെതിരെ താക്കീതും വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളില്‍ നഷ്ടപരിഹാരത്തില്‍നിന്ന് ചില പോലീസുകാര്‍ കമ്മീഷന്‍ പറ്റുന്നുണ്ടെന്ന് അറിയാമെന്നും അത്തരക്കാര്‍ സര്‍വീസില്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
ഉന്നതനാണ് എങ്കിൽ എന്തുമാകാം എന്ന അവസ്ഥ ഉണ്ടാകരുത്.

അഴിമതി എന്നത് പോലീസിനെയും ബാധിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

” കേരളത്തിന്റെ അഴിമതി രഹിത സംസ്ഥാനം എന്ന സല്‍പ്പേരിന്റെ ഒരു പങ്ക് പോലീസിനും അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അഴിമതിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ പോലീസിന് കഴിയണം, അതോടൊപ്പം പോലീസ് മാന്യമായി ഇടപെടാനും പെറുമാറാനും ശീലിക്കണം.

ചിലര്‍ ഇപ്പോഴും പഴയ സ്വഭാവത്തില്‍ നില്‍ക്കുന്നുണ്ട്. തങ്ങളുടെ സഹപ്രവര്‍ത്തകരെ തിരുത്തുന്നതിന്പോലീസ് ഇടപെടണ’മെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ശബരിമല വിഷയത്തിൽ പോലീസിന്റെ ഇടപെടല്‍ പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ ബോധപൂര്‍വം ചിലര്‍ അക്രമണം കാണിച്ചിട്ടും പോലീസ് സംയമനം പാലിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളോട് പോലീസുകാര്‍ സാമാന്യ ബുദ്ധിയോടെ ഇടപെടണം. തെറ്റ് കാണിക്കുന്നത് ഉന്നതനായാലും മൃദുഭാവമല്ല, ശക്തമായ നടപടിയാണ് വേണ്ടത്. ഉന്നതർക്ക് എന്തും ആകാം എന്ന അവസ്ഥ യശസ്സിനെ ബാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ”മൂന്നാം മുറ പാടില്ല എന്ന് അറിയാത്തവരല്ല പോലീസ് ഉദ്യോഗസ്ഥര്‍. എന്നാലും അവർ അതിന് മുതിരുന്നു. പോലീസ് തല്ലികൊന്നു എന്ന് പോലീസ് തന്നെ കണ്ടെത്തുന്നു. ഒരിക്കലും നടക്കാന്‍ പാടില്ലാത്തത് ഉണ്ടായിരിക്കുന്നു. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും” മുഖ്യമന്ത്രി പറഞ്ഞു.