‘ട്വിറ്റർ ആസ്ഥാനത്ത് ബോംബ്’: ട്വിറ്റർ സിഇഒ ജാക്ക് ഡോർസേയുടെ ഹാക്ക് ചെയ്യപ്പെട്ട അക്കൌണ്ടിൽ നിന്നും വ്യാജവാർത്തകളും വംശീയ പരാമർശങ്ങളും
ട്വിറ്റർ സ്ഥാപകനും സിഇഒയുമായ ജാക് ഡോർസേയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഡോർസോയുടെ അക്കൗണ്ടിൽ കടന്നുകൂടിയ
ചക്ലിങ് സ്ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കർമാർ ആ അക്കൌണ്ടിൽ നിന്നും ഏകദേശം കാൽമണിക്കൂർ നേരം വംശീയ പരാമർശങ്ങളും വ്യാജവാർത്തകളും ട്വീറ്റ് ചെയ്തുകൊണ്ടിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ അക്കൌണ്ട് തിരിച്ചുപിടിക്കാനായെങ്കിലും കമ്പനി സിഇഒയുടെ അക്കൌണ്ട് തന്നെ ഹാക്ക് ചെയ്യപ്പെട്ടത് ട്വിറ്റർ അക്കൌണ്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയിട്ടുണ്ട്.
എന്നാൽ ജാക്ക് ഡോർസെയുടേ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഹാക്കർമാർ പണിപറ്റിച്ചതെന്നും ഇത് മൊബൈൽ സേവനദാതാവിന്റെ സുരക്ഷാവീഴ്ചമൂലം സംഭവിച്ചതാണെന്നുമാണ് ട്വിറ്ററിന്റെ ഔദ്യോഗിക വിശദീകരണം.
കറുത്ത വർഗക്കാരെ അധിക്ഷേപിക്കുന്ന പദവും അശ്ലീല വാക്കുകളുമെല്ലാം ഡോർസെയുടെ ഹാക്ക് ചെയ്യപ്പെട്ട അക്കൌണ്ടിൽ നിന്ന് ട്വീറ്റ് ചെയ്യപ്പെട്ടു. കൂടാതെ ‘നാസി ജർമ്മനി തെറ്റൊന്നും ചെയ്തിട്ടില്ല’ (sic) എന്ന മറ്റൊരു അക്കൌണ്ടിലെ ട്വീറ്റ് ഷെയർ ചെയ്യുകയും ചെയ്തു. ഇതിനെല്ലാം പുറമേ ട്വിറ്റർ ആസ്ഥാനത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജവാർത്തയും ഈ അക്കൌണ്ടിൽ നിന്നും ഹാക്കർമാർ ട്വീറ്റ് ചെയ്തു.
ട്വിട്ടർ തലവന്റെ അക്കൌണ്ടിന്റെ ഗതിയിതാണെങ്കിൽ ബാക്കിയുള്ളവരുടെ അക്കൌണ്ടിനു എന്തു സുരക്ഷിതത്വമാണുള്ളതെന്ന തരത്തിലാണ് ട്വിറ്ററിലെ ചർച്ചകൾ