കാശ്മീര്‍: കരുതല്‍ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രിമാരെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചതായി റിപ്പോര്‍ട്ട്

single-img
1 September 2019

ജമ്മു കാശ്മീരിൽ കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 നീക്കം ചെയ്തതിലൂടെ പ്രത്യേക പദവി റദ്ദാക്കിയ നടപടിക്ക്
മുന്നോടിയായി കരുതല്‍ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍.

ഈ മാസം അഞ്ചുമുതലാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കേന്ദ്രഭരണകൂടം ഒമര്‍ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും വീട്ടുതടങ്കലിലാക്കിയത്. കഴിഞ്ഞ ആഴ്ചയിൽ രണ്ടുതവണ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ കുടുംബം ശ്രീനഗറിലെ ഹരിനിവാസിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അദ്ദേഹത്തിന്റെ സഹോദരി സഫിയയും മക്കളും കഴിഞ്ഞ ശനിയാഴ്ചയാണ് സന്ദർശനം നടത്തിയത് എന്നും, ഈ കൂടിക്കാഴ്ച ഇരുപത് മിനുട്ട് നീണ്ടുനിന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സഫിയയക്ക് ഈ മാസം 12 നാണ് ഒമര്‍ അബ്ദുള്ളയുമായി സംസാരിക്കാന്‍ അവസരം കിട്ടിയപ്പോൾ ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. അതേസമയം, മെഹ്ബൂബ മുഫ്തിയെ അമ്മയും സഹോദരിയും വ്യാഴാഴ്ച നേരില്‍കണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാശ്മീരിൽ ഒമര്‍ അബ്ദുള്ളയുടെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയും കസ്റ്റഡിയിലാണ്. അദ്ദേഹത്തെ ജമ്മുകാശ്മീര്‍ അഡ്മിനിസ്ട്രേഷനിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ തന്‍റെ മകനെ കാണണമെന്ന് നിരന്തരം ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടെങ്കിലും അനുവാദം നല്‍കിയില്ല. സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്‍റെ ഭാഗമായാണ് നേതാക്കള്‍ക്ക് ബന്ധുക്കളെ കാണാന്‍ അവസരമൊരുക്കുന്നതെന്നാണ് സൂചന.