ഹിന്ദുത്വത്തെ അപമാനിച്ചു; തേയില ബ്രാന്‍ഡായ റെഡ് ലേബലിന്റെ ഒരു വർഷം മുൻപുള്ള പരസ്യത്തിനെതിരെ സംഘപരിവാര്‍

single-img
1 September 2019

ഇന്ത്യയിലെ പ്രമുഖ തേയില ബ്രാന്‍ഡായ റെഡ് ലേബല്‍ കഴിഞ്ഞ വര്‍ഷം ഗണേഷ് ചതുര്‍ഥിയോടനുബന്ധിച്ചിറങ്ങിയ പരസ്യം ഹിന്ദുത്വത്തെ അപമാനിച്ചെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഘപരിവാര്‍. പ്രതിഷേധത്തിന്റെ ഭാഗമായി റെഡ് ലേബലിനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയിനും സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു.

ഗണേഷ് ചതുര്‍ത്ഥിയോടനുബന്ധിച്ച് ഒരാള്‍ നിര്‍മ്മാണശാലയില്‍ ഗണപതി വിഗ്രഹം വാങ്ങാനെത്തുന്നതാണ് പരസ്യം. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പരസ്യം പുറത്തിറങ്ങിയത്.

വിഗ്രഹം വാങ്ങാന്‍ എത്തിയ വ്യക്തി നിര്‍മ്മാണശാലയില്‍ ഇഷ്ട വിഗ്രഹം തിരയുന്നതിനിടയില്‍ കടയുടമ ഒരു അഹിന്ദുവാണെന്ന് മനസ്സിലായപ്പോള്‍ വിഗ്രഹം വാങ്ങാതെ മടങ്ങാനൊരുങ്ങുകയും, ആ സമയം യുവാവിന് കടയുടമ റെഡ്‌ലേബലിന്റെ തേയിലയില്‍ ഉണ്ടാക്കിയ ചായ നല്‍കുകയുമായിരുന്നു.

ഇരുവരും തമ്മിലുള്ള ചായ സംഭാഷണത്തിനിടയില്‍ എന്തുകൊണ്ട് ഈ തൊഴില്‍ തെരഞ്ഞെടുത്തു എന്ന ചോദിക്കുമ്പോള്‍ ഇതും ഒരു ആരാധനയാണെന്ന് കടയുടമ പറയുകയും തുടര്‍ന്ന് ഗണേശ വിഗ്രഹം വാങ്ങാന്‍ യുവാവ് തയ്യാറാവുന്നതുമാണ് പരസ്യം. ഈ പരസ്യം ഉണ്ടാക്കിയത് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്ന് പരസ്യത്തിന്റെ അവസാനം കമ്പനി എഴുതിയിട്ടുമുണ്ട്.