നിയമം നിയമത്തിന്റെ വഴിയേ പോകും; തുഷാറിനെതിരെയുള്ള കേസില്‍ ഇനി ഇടപെടില്ലെന്ന് എംഎ യൂസഫലി

single-img
29 August 2019

യുഎഇയിലെ തുഷാറിനെതിരായ വണ്ടിച്ചെക്ക് കേസില്‍ ഇനി ഇടപെടില്ലെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി. തുഷാർ വെള്ളാപ്പള്ളിക്ക് കേസിൽ ജാമ്യത്തുക നല്‍കി എന്നത് മാത്രമാണ് ഇതുവരെഉണ്ടായ ബന്ധമെന്ന് വ്യക്തമാക്കിയ എം എ യൂസഫലി തുടർന്ന് കേസില്‍ ഇടപെടില്ലന്ന് വ്യക്തമാക്കുകയായിരുന്നു.
നിയമം നിയമത്തിന്‍റെ വഴിയേ മാത്രമേ പോകുകയുള്ളുവെന്നും എം എ യൂസഫലിയുടെ ഓഫീസ് വ്യക്തമാക്കി.

യുഎഇയിലെ കോടതിയിൽ എം എ യൂസഫലി ഇടപെട്ടതിനെ തുടര്‍ന്നാണ് തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ അജ്‍മാൻ പൊലീസ് അറസ്റ്റ് ചെയ്ത തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചത്.

എം എ യൂസഫലിയുടെ ഓഫീസിൽ നിന്നും നൽകിയ വിശദീകരണം

തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യുഎഇയിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണ്. വളരെ ശക്തമായ നിയമസംവിധാനമാണ് യുഎഇയിൽ നിലനിൽക്കുന്നത്. കേസുകളിൽ യാതൊരു വിധത്തിലുമുള്ള ബാഹ്യഇടപെടലുകൾ ഒരുതരത്തിലും സാധ്യമാകില്ല. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യുഎഇയുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്.

നിയമം നിയമത്തിന്‍റെ വഴിക്ക് മാത്രമേ പോകുകയുള്ളു. തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നൽകി എന്നത് മാത്രമാണ് ഈ കേസിൽ എം എ യൂസഫലിക്കുണ്ടായ ഏകബന്ധം. അതല്ലാതെ അദ്ദേഹം ഈ കേസിൽ ഏതെങ്കിലും തരത്തിൽ ഇടപെടുകയോ ഇടപെടാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ല.