പ്രധാനമന്ത്രി മഹാനാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; മോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കലല്ല കോണ്‍ഗ്രസിന്റെ പണി: കെസി വേണുഗോപാല്‍

single-img
24 August 2019

പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനക്ക് പിന്നാലെ അഭിഷേക് മനു സിങ്വിയും ശശി തരൂരും നിലപാട് വ്യക്തമാക്കിയതോടെ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പ്രധാനമന്ത്രി മോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കലല്ല കോണ്‍ഗ്രസിന്റെ പണിയെന്നും കോണ്‍ഗ്രസ് നേതാക്കളുടെ മോദി അനുകൂല പ്രസ്താവന തികച്ചും വ്യക്തിപരമെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രി മോദി നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ എതിര്‍ക്കണമെന്ന് കോണ്‍ഗ്രസ് ആരോടും പറഞ്ഞിട്ടില്ല. എന്നാൽ നരേന്ദ്രമോദിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന ജോലിയും കോണ്‍ഗ്രസിനില്ല. ഓരോരുത്തരുടെയും അഭിപ്രായം എന്നത് വ്യക്തിപരമാണ്. ഇക്കാര്യത്തിൽ കോണ്‍ഗ്രസിന്റെ നിലപാട് വളരെ വ്യക്തമാണ്, കേന്ദ്രസർക്കാർ ചെയ്യുന്ന പല കാര്യങ്ങളും ജനദ്രോഹപരമാണ്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ്. അത്തരത്തിലുള്ള ഒരാളുടെ ഏതെങ്കിലും ഒരു നേട്ടമെടുത്ത് അദ്ദേഹം മഹാനാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ – കെസി വേണുഗോപാല്‍ പറഞ്ഞു.

മോദി സര്‍ക്കാറിന്റെ നല്ല വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് മോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ പ്രശംസനീയമാണെന്നും ശശി തരൂര്‍പറയുകയുണ്ടായി. ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കളുടെ മോദി അനുകൂല പരസ്യ പ്രസ്താവനകൾ രാജ്യമാകെ ചർച്ചയായിരുന്നു.