തകരുന്ന വ്യവസായങ്ങൾ; കേന്ദ്ര ഇടപെടലിനായി വടക്കേ ഇന്ത്യയിലെ തുണി മില്‍ ഉടമകള്‍ പത്രത്തിൽ പരസ്യം നൽകി

single-img
20 August 2019

രാജ്യത്തെ വ്യവസായ മേഖലയിൽ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ നിന്ന് ആരംഭിച്ച പ്രതിസന്ധി ഇപ്പോള്‍ അടിവസത്രം, ബിസ്‌ക്കറ്റ് എന്നിവയ്ക്ക് ശേഷം തുണി വ്യവസായത്തെയും ബാധിച്ചിരിക്കുന്നു. രാജ്യത്തെ
തുണി വ്യവസായം വലിയ വെല്ലുവിളി നേരിടുകയാണെന്നും മില്ലുകള്‍ അടച്ചു പൂട്ടേണ്ട അവസ്ഥയാണെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വടക്കേ ഇന്ത്യയിലെ തുണി മില്‍ ഉടമകള്‍ ഇന്ന് പത്ര പരസ്യം നല്‍കി. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലാണ് പരസ്യം നല്‍കിയത്.

തുണി വ്യവസായം ഇന്ന് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇങ്ങിനെ തുടർന്നാൽ തൊഴിലുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ രാജ്യത്തെ കാര്‍ഷിക മേഖലക്ക് സംഭവിച്ചത് തന്നെയാണ് ഇവിടെയും സഭവിക്കുക എന്ന് പരസ്യത്തില്‍ പറയുന്നു. രാജ്യത്താകെ 10 കോടിയോളം പേര്‍ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്ന വ്യവസായമാണ് ഇതെന്നും അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തൊഴില്‍ നഷ്ടം സംഭവിക്കാതെ നോക്കാനും നിഷ്‌ക്രിയ ആസ്തിയാവാതെ പോവാനും ശ്രദ്ധിക്കണമെന്നും പരസ്യത്തില്‍ പറയുന്നു.

വ്യവസായ ലോകത്തുനിന്നും ആളുകള്‍ വാങ്ങാന്‍ തയ്യാറാവാത്തതിനാല്‍ ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വ്യവസായം വന്‍പ്രതിസന്ധിയിലാണ് എന്ന വാര്‍ത്തകളാണ് ആദ്യം വന്നത്. തുടർന്ന് രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോള്‍ വരുന്ന കണക്കുകള്‍. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടപടികള്‍ക്ക് ശ്രമിക്കുന്നുണ്ട്.

കേന്ദ്ര സർക്കാർ ഇതിനായി ബജറ്റ് പ്രഖ്യാപനത്തില്‍ മാറ്റം വരുത്തി കോര്‍പ്പറേറ്റ് നികുതി പടിപടിയായി വെട്ടിക്കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. നിലവിൽ 400 കോടിക്ക് മേല്‍ വാര്‍ഷിക വിറ്റുവരവുളള കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി ഘട്ടം ഘട്ടമായി 25 ശതമാനമാക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം