കാലവര്‍ഷം; അപകട സാധ്യതയുള്ള മേഖലയില്‍ താമസിക്കുന്നവര്‍ മടികൂടാതെ ക്യാമ്പുകളിലേക്ക് മാറണം: മുഖ്യമന്ത്രി

single-img
9 August 2019

സംസ്ഥാനമാകെ മഴ ശക്തമായതിനെ തുടര്‍ന്ന് അപകടം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മലയിടിച്ചില്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതയുള്ള മേഖലയില്‍ താമസിക്കുന്നവര്‍ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണം. അതേപോലെ വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും മാറിത്താമസിക്കണം.

ഈ കാര്യത്തിൽ മടികൂടാതെ എല്ലാവരും സഹകരിക്കണമെന്നും തുടര്‍ച്ചയായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട് ജില്ലയിലെ മേപ്പാടിയില്‍ വലിയ ഉരുള്‍പൊട്ടലാണുണ്ടായത്. ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും നോക്കുന്നുണ്ട്. കേരളത്തിൽ മിക്ക ഭാഗങ്ങളിലും കനത്ത മഴയുണ്ട്. നമ്മൾ ദുരന്തം നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.വയനാട് മേപ്പാടിയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഗൗരവകരമായി കാണുന്നുണ്ട്.

അപകട സ്ഥലങ്ങളിൽ രാത്രി സഞ്ചരിക്കാനാവുന്ന ഹെലികോപ്റ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇപ്പോൾ ഉള്ളതിൽ നിന്നും മഴ അല്‍പം കുറഞ്ഞാല്‍ ഹെലികോപ്റ്ററുകള്‍ക്ക് പ്രശ്നമേഖലകളിലേക്ക് പോകാനാകുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തിൽ നിലവില്‍ നമുക്ക് കൈകാര്യം ചെയ്യാവുന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.