കനത്ത മഴയും കാറ്റും: എട്ടിടത്ത് ഉരുള്‍പൊട്ടി; ഡാമുകള്‍ തുറന്നു;ഒരുവയസുകാരിയടക്കം നാലു മരണം

single-img
8 August 2019

സംസ്ഥാനത്ത് വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും കനത്തമഴയില്‍ വന്‍നാശം. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകള്‍ വെള്ളപ്പൊക്കത്തിലാണ്. ഇടുക്കി ജില്ലയില്‍ മൂന്നിടത്തും കണ്ണൂരില്‍ രണ്ടിടത്തും വയനാട്ടിലും മലപ്പുറത്തും, പാലക്കാട്  സൈലന്‍റ്‍വാലിയിലും   ഉരുള്‍പൊട്ടലുണ്ടലായി. ഇടുക്കി ജില്ലയില്‍ മൂന്നാറും മാങ്കുളവും മറയൂരും ഒറ്റപ്പെട്ടു. മുക്കം, മാവൂര്‍, നിലമ്പൂര്‍, ഇരിട്ടി, മൂന്നാര്‍ ടൗണുകള്‍ വെള്ളത്തിലാണ്. 

കാലവര്‍ഷക്കെടുതിയില്‍ നാലു പേരാണ് ഇതുവരെ മരിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ കുഴിക്കലില്‍ തോട്ടില്‍വീണ് കെ.പത്മനാഭന്‍,  അട്ടപ്പാടിയില്‍ വീടിനുമുകളില്‍ മരംവീണ് ഷോളയൂര്‍ ഊരിലെ കാര, വെള്ളംകയറിയ വീട് ഒഴിയുന്നതിനിടെ തളര്‍ന്നുവീണ് പനമരത്ത് മുത്തു,  എന്നിവരാണ് മരിച്ചത്. ഇടുക്കി ചിന്നക്കനാലില്‍ ലയത്തിനുമുകളില്‍ മണ്ണിടിഞ്ഞ് കുഞ്ഞു മരിച്ചു. രാജശേഖരന്‍ നിത്യ ദമ്പതികളുടെ ഒരുവയസായ മകളാണ് മരിച്ചത്.

ഭൂതത്താന്‍കെട്ട്, മലങ്കര, കല്ലാര്‍കുട്ടി ഡാമുകള്‍ തുറന്നു. പമ്പയില്‍ വെള്ളമുയര്‍ന്നു. അപ്പര്‍ കുട്ടനാട്ടില്‍ കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു. കോട്ടയം –കുമളി റോഡില്‍ ബസ് ഗതാഗതം നിര്‍ത്തിവച്ചു. കോഴിക്കോട് മൈസൂരു പാതയിലും കോഴിക്കോട്–എടവണ്ണ പാതയിലും ഗതാഗത തടസ്സമുണ്ടായി.വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തും.

കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വയനാട്ടില്‍ ആണ്. മാനന്തവാടിയില്‍ 25.9 സെന്റീമീറ്ററും വൈത്തിരിയില്‍ 24.4 സെന്റീമീറ്ററും മഴ ലഭിച്ചു.
കനത്തമഴ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട്  അറിയിക്കും. 

മിന്നല്‍പ്രളയത്തിന്റെ നടുക്കത്തിലാണ് നിലമ്പൂര്‍. ചാലിയാര്‍ കരവിഞ്ഞതോടെ ടൗണിലെ കടകളിലും വീടുകളിലും വെളളം കയറി . ദുരന്തനിവാരണസേനയും നാട്ടുകാരും ചേര്‍ന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്.  നിലമ്പൂരില്‍  പുലര്‍ച്ചെയാണ് അപ്രതീക്ഷിത വെളളപ്പൊക്കം ഉണ്ടായത്.   കടകളില്‍ വെളളം കയറിയതോടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.    എടവണ്ണപ്പാറ, അരീക്കോട് ,വാഴക്കാട് മേഖലകളിലും വീടുകളില്‍ വെളളം കയറി.  കരുവാരക്കുണ്ടില്‍ ഉരുള്‍പൊട്ടലുമുണ്ടായി. 

അതേസമയം, സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍‍ അതീവ ജാഗ്രതപാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ദേശീയ ദുരന്തനിവാരണസേനയെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും അയച്ചു. ഞായറാഴ്ചവരെ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.