സമ്പത്തിന് സമ്പത്തുകാലം വരുന്നു; എ സമ്പത്തിന് പുതിയ നിയമനം നല്‍കിയതിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

single-img
30 July 2019

മുന്‍ ആറ്റിങ്ങല്‍ എംപിയായിരുന്ന എ സമ്പത്തിന് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമനം നല്‍കിയതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായാണ് ക്യാബിനറ്റ് റാങ്കോടെ സമ്പത്തിനെ നിയമിച്ചത്. വരുന്ന വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം സമ്പത്തിന്‍റെ നിയമനത്തിന് അംഗീകാരം നല്‍കും.

എ സമ്പത്തിന് സമ്പത്തുകാലം വരുന്നു എന്നാണ് ഇതിനെക്കുറിച്ച് ബിജെപി നേതാവ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ക്യാബിനറ്റ് പദവിയോടെ സമ്പത്തിനെ ഡല്‍ഹിയിൽ കുടിയിരുത്താൻ പോവുകയാണ്. അദ്ദേഹത്തിന് കാറും ബംഗ്ലാവും പരിചാരകരും ശമ്പളവും ബത്തയും ഓഫീസും ഉള്‍പ്പെടെ ഒരു വർഷം കോടികൾ കേരള ഖജനാവിൽ നിന്നാണ് കൊടുക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ ഭരണപരിഷ്കാര കമ്മീഷന്‍ പോലെ കോടികൾ ചെലവാക്കിയുള്ള മറ്റൊരു നിയമനമാണിത്. മാത്രമല്ല, ഈ നിയമനത്തെ അജഗളസ്തനം പോലെ ആർക്കും ഗുണമില്ലാത്ത കാര്യം എന്നും സുരേന്ദ്രന്‍ വിശേഷിപ്പിച്ചു. സമ്പത്തിന്റെ നിയമനം കേരളത്തിന്റെ വിസകനത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളും സഹായവും പരമാവധി നേടിയെടുക്കാനും, കേന്ദ്ര-സംസ്ഥാന ബന്ധം ദൃഢമാക്കാനുമാണ് എന്നാണ് ഔദ്യോഗിക വിശദീകരണം. ഡല്‍ഹിയില്‍ സമ്പത്തിന് പ്രത്യേക ഓഫീസും ജീവനക്കാരും പുതിയ ഓഫീസിനു വേണ്ടി പുതിയ തസ്തികളുമുണ്ടാക്കും.