രാജ്യത്ത് കോൺഗ്രസിന് അധികാരം ഇനി 5 സംസ്ഥാനങ്ങളില്‍ മാത്രം

single-img
23 July 2019

ഇന്ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ വീണതോടെ രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം 5 ആയി ചുരുങ്ങി. സൗത്തിന്ത്യയിൽ കോൺഗ്രസ് പാര്‍ട്ടി അധികാരത്തില്‍ ഉള്ളത് പുതുച്ചേരിയില്‍ മാത്രമാണ്. ഉത്തരേന്ത്യയിൽ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവയാണ് കോണ്‍ഗ്രസിന് അധികാരമുളള മറ്റ് സംസ്ഥാനങ്ങള്‍.

ഇന്നത്തോടുകൂടി കര്‍ണാടകയും കൈവിട്ടതോടെ ദേശീയതലത്തില്‍ കോൺഗ്രസ് പ്രതിസന്ധിയിലായിക്കഴിഞ്ഞു.
ഭരണമുള്ള മധ്യപ്രദേശില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. കര്‍ണാടകയിൽ സംഭവിച്ചതിന്റെ പ്രതിഫലനം മധ്യപ്രദേശില്‍ ഉണ്ടാകാനുളള സാധ്യതയും തളളിക്കളയാനാകില്ല. അടുത്ത് തന്നെ വരാനിരിക്കുന്ന ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിജയിച്ചു വരാമെന്ന് കോൺഗ്രസിലെ നേതാക്കള്‍ പോലും കരുതുന്നില്ല എന്നതാണ് സത്യം.

അതേപോലെ തന്നെ പാര്‍ട്ടിക്ക് ദേശീയ അധ്യക്ഷനില്ലാത്തതാണ് കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഉണ്ടായിരുന്ന അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച് രാഹുല്‍ഗാന്ധി മാറിയ ശേഷം പുതിയ നേതാവിനെ കണ്ടെത്താനാവാതെ വിഷമിക്കുകയാണ് കോണ്‍ഗ്രസ്. മുതിർന്ന നേതാക്കന്മാര്‍ ഒന്നടങ്കം ബിജെപിയിലേക്ക് ചേക്കേറുന്നതും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ അതിദയനീയ തോല്‍വി, പാര്‍ട്ടിയെ പാതിയിൽ ഉപേക്ഷിച്ചുകൊണ്ട് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുലിന്റെ ഒളിച്ചോട്ടം ,ഭരണമുണ്ടായിരുന്ന ഗോവയിലെ എംഎല്‍എമാരുടെ കൂറുമാറ്റം, ഇപ്പോൾ ഒടുവില്‍ കര്‍ണാടകയില്‍ സഖ്യ സര്‍ക്കാരിന്റെ പതനം എന്നിങ്ങിനെ ഒന്നിന് പിറകെ ഒന്നായി തിരിച്ചടികളില്‍ വലയുകയാണ് കോണ്‍ഗ്രസ്.