കണ്ണൂരിൽ ഭക്ഷണം വിളമ്പാൻ ഇനി റോബോട്ടുകൾ; റോബോട്ട് വെയ്റ്റർമാരെ കേരളത്തിന് പരിചയപ്പെടുത്തി മണിയൻ പിള്ള രാജുവും സുഹൃത്തുക്കളും

single-img
14 July 2019

ഇതാ കേരളത്തിൽ ആദ്യമായി കണ്ണൂരിൽ ഇനി റോബോട്ടുകൾ ഭക്ഷണം വിളമ്പും. സിനിമാ താരം മണിയൻ പിള്ള രാജുവും സുഹൃത്തുക്കളും ചേർന്ന് തുടങ്ങുന്ന ‘ബീ അറ്റ് കിവിസോ’ എന്ന് പേരുള്ള റസ്റ്റോറന്റിലാണ് ഭക്ഷണം വിളമ്പാൻ റോബോട്ടുകൾ തയ്യാറായി നിൽക്കുന്നത്. യഥാക്രമം അലീന, ഹെലൻ, ജെയിൻ എന്നീ മൂന്ന് റോബോട്ട് സുന്ദരിമാരാണ് അതിഥികളെ സ്വീകരിക്കാനായി ഹോട്ടലിൽ കാത്തുനിൽക്കുന്നത്.

ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് മുൻപിൽ അഞ്ചടി ഉയരമുള്ള ഈ റോബട്ടുകളാണ് തീൻമേശകളിൽ ഭക്ഷണമെത്തിക്കുക. ആദ്യം പ്രോഗ്രാം ചെയ്തുവെച്ച സെൻസറുകളനുസരിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളാണിവർ. ഭക്ഷണവുമായുള്ള യാത്രക്കിടയിൽ വഴിയിൽ തടസ്സങ്ങളുണ്ടായാൽ അത് മാറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങളും റോബോട്ടുകൾ പുറപ്പെടുവിക്കും.

ഇതിന് പുറമെ നാലടി മാത്രം ഉയരമുള്ള മൂന്ന് കുഞ്ഞൻ റോബട്ടുകളെ കുട്ടികൾക്കൊപ്പം കളിക്കുന്നതിനായി ഹോട്ടലിലെ വിവിധയിടങ്ങളിൽ ഒരുക്കി നിർത്തിയിട്ടുണ്ട്. കണ്ണൂർകാരുടെ ഭക്ഷണപ്രിയം കണക്കിലെടുത്ത് തന്നെയാണ് സംരംഭം കണ്ണൂരിൽ തുടങ്ങിയത്. ഈ പരീക്ഷണം വിജയിക്കുന്നതോടെ സംരംഭം വ്യാപിപ്പിക്കുമെന്നും മണിയൻ പിള്ള രാജു പറഞ്ഞു.