നെടുങ്കണ്ടം കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണമെന്ന് പിടി തോമസ് എംഎല്‍എ

single-img
12 July 2019

പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പിടി തോമസ് എംഎല്‍എ. നിയമസഭയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട ശേഷം ഉരുത്തിരിഞ്ഞ സാഹചര്യങ്ങള്‍ കണക്കിലെടുത്താണിത്.

കിരാതമായ പൊലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം മതിയാകില്ലെന്ന് യുഡിഎഫിലും വികാരമുണ്ടായിരിക്കെയാണ് സ്വതന്ത്ര ഏജന്‍സി തന്നെ വേണമെന്ന് ആ‌വശ്യപ്പെട്ട് പിടി തോമസ് രംഗത്തെത്തുന്നത്. രാജ്കുമാറിന്റെ മരണത്തില്‍ പൊലീസിനും ആശുപത്രി അധികൃതര്‍ക്കും റിമാന്റ് നടപടികള്‍ ചെയ്ത മജിസ്‌ട്രേറ്റിനും വീഴ്ചയുണ്ടായതായി സംശയിക്കുന്നുവെന്നും അതുകൊണ്ട് തന്നെ ഈ കേസില്‍ സമഗ്ര അന്വേഷണം നടത്താന്‍ ജുഡിഷ്യല്‍ കമ്മീഷന് കഴിയില്ലെന്നും പിടി തോമസ് പറഞ്ഞു.

ഏറ്റവും പ്രധാന തെളിവ് കണ്ടെത്തേണ്ട പോസ്റ്റുമോര്‍ട്ടത്തിലെ പാളിച്ച അതീവ ഗൗരവമാണ്. ഇടുക്കിയിലെ മുന്‍ എസ്പിയുടെ ഇടപെടലുകളെല്ലാം ദുരൂഹമാണ്. എല്ലാം പരിഗണിക്കുമ്പോള്‍ സിബിഐ അന്വേഷണം അനിവാര്യമാണ് എന്നാണ് അഭിപ്രായം. എന്നാല്‍ പാര്‍ട്ടിയോ യുഡിഎഫോ ആണ് ഇത് ഉന്നയിക്കേണ്ടതെന്നും പിടി തോമസ് പറഞ്ഞു. കസ്റ്റഡി മരണം സംബന്ധിച്ച് നിയമസഭയില്‍ പി.ടി. തോമസാണ് നേരത്തെ അടിയന്തര പ്രമേയം അവതരിപ്പിച്ചത്.