കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഇനി വധശിക്ഷ; പോക്സോ നിയമം ഭേദഗതിചെയ്യാൻ കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അനുമതി

single-img
10 July 2019

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് രാജ്യത്ത് ഇനിമുതൽ വധശിക്ഷ നല്‍കുന്ന നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി. നിലവിലെ പോക്സോ നിയമത്തിലാണ് ഭേദഗതി കൊണ്ട് വരുന്നത്.
ചെറിയകുട്ടികള്‍ക്ക് എതിരേയും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെയും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭ നിയമ ഭേദഗതി കൊണ്ട് വരുന്നത്.

പുതിയ നിയമം അനുസരിച്ചു കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഇനി വധശിക്ഷ നല്‍കും. അതിന് വേണ്ടി 2012ലെ പോക്സോ നിയമം ഭേദഗതി ചെയ്യാനും ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗം അനുമതി നല്‍കി. പ്രസ്തുത നിയമത്തിലെ 2,4,5,6,9,14,15,34,42,45 ചട്ടങ്ങളിലാണ് മാറ്റം വരുത്തേണ്ടി വരുന്നത്.

ഭേദഗതിയിൽ കുട്ടികളെ ഉപയോഗിച്ചുള്ള നീലചിത്രങ്ങള്‍ നിരോധിക്കാനും ശുപാര്‍ശ ചെയ്യുന്നു. ഇതുപോലുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും സോഷ്യല്‍ മീഡിയ വഴി കൈമാറുന്നതിനും പിഴ ഈടാക്കും.