മിന്നല്‍ സ്റ്റമ്പിങ്ങുകളുടെ ആശാന് ഇന്ന് പിറന്നാള്‍; ലോകകപ്പില്‍ ഇന്ത്യ സെമി ഉറപ്പിച്ചതോടെ ധോനിക്ക് ഈ പിറന്നാല്‍ ഇരട്ടമധുരം

single-img
7 July 2019

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം എം.എസ് ധോനിക്ക് ഇന്ന് 38-ാം പിറന്നാള്‍. ലോകകപ്പില്‍ ഇന്ത്യ സെമി ഉറപ്പിച്ചതോടെ ധോനിക്ക് ഈ പിറന്നാല്‍ മധുരിക്കുന്നതായി, ഒപ്പം ശ്രീലങ്കയ്‌ക്കെതിരായ തകര്‍പ്പന്‍ വിജയവും. 1981 ജൂലൈ ഏഴിന് റാഞ്ചിയിലാണ് ധോനിയുടെ ജനനം.

അതേസമയം ലോകകപ്പിനു ശേഷം വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ധോനി ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നത്. 200 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച ധോനിയുടെ കീഴില്‍ ഇന്ത്യ 110 വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2004 ഡിസംബര്‍ 23-ന് ബംഗ്ലാദേശിനെതിരെയാണ് ആ നീളന്‍ മുടിക്കാരന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മൂന്ന് ഐ.സി.സി ടൂര്‍ണമെന്റ് കിരീടങ്ങള്‍ (ഏകദിന ലോകകപ്പ്, ട്വന്റി 20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി) നേടിയ ഒരേയൊരു ക്യാപ്റ്റനും ധോനിയാണ്. ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കാനും ധോനിക്ക് സാധിച്ചു.

15 വര്‍ഷമായി, വിക്കറ്റിനുപിന്നില്‍ ഇന്ത്യയുടെ വിശ്വസ്തനായ കാവല്‍ക്കാരനായ ധോനി മിന്നല്‍ സ്റ്റമ്പിങ്ങുകള്‍ കൊണ്ട് അദ്ഭുതപ്പെടുത്താറുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് ധോനിയേക്കാള്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയ മറ്റൊരു ക്യാപ്റ്റനുണ്ടോ എന്ന കാര്യം സംശയമാണ്.