കണ്ണൂരില്‍ ഹജ്ജ് ടെര്‍മിനല്‍; അടുത്ത വര്‍ഷം പരിഗണിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

single-img
2 July 2019

കണ്ണൂർ വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കെ സുധാകരൻ എംപി കേന്ദ്ര വ്യോമയാന സഹമന്ത്രി ഹർദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച്ച നടത്തി. കണ്ണൂരിൽ നിന്നും കൂടുതൽ വിദേശ വിമാന സർവ്വീസുകൾക്ക് അനുമതി നൽകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. തീര്‍ത്ഥാടാകരുടെ സൌകര്യത്തിനായി വടക്കൻ കേരളത്തിൽ ഹജ്ജ് ടെർമിനൽ സ്ഥാപിക്കുന്ന വിഷയം അടുത്ത വർഷത്തോടെ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും കെ സുധാകരൻ പറഞ്ഞു.

കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രാദേശിക വിമാനത്താവളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് വർധിപ്പിക്കുക, റൺവെയുടെ നീളം കൂട്ടൽ നടപടി ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ കൂടിക്കാഴ്ച്ചയിൽ ഉന്നയിച്ചിട്ടുണ്ട്. കണ്ണൂരില്‍ വിമാനത്താവള ഭൂമിയോട് ചേർന്നുള്ള അഞ്ച് ഏക്കർ ഭൂമി നൽകാമെന്ന് വിമാനത്താവള അതോറിറ്റി സമ്മതിച്ചുവെന്നും സുധാകരൻ പറഞ്ഞു.