കർണാടകയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി രാജിവെച്ചു: സാധ്യതകൾ തേടി യെദിയൂരപ്പ

single-img
1 July 2019

കോൺഗ്രസ്-ജനതാദൾ സഖ്യസർക്കാരിനു ഭീഷണിയായി കർണാടകയിൽ കോൺഗ്രസ് എംഎൽഎമാരുടെ രാജി തുടരുന്നു. ബെല്ലാരി ജില്ലയിലെ വിജയാനഗര്‍ എംഎല്‍എ ആനന്ദ് സിങ്ങാണ് രാവിലെ രാജി പ്രഖ്യാപിച്ചത്. ഇദ്ദേഹം ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച രമേഷ് ജാര്‍ക്കിഹോളിയും എംഎല്‍എ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ക്കാണ് ജാര്‍ക്കിഹോളി രാജിസമര്‍പ്പിച്ചത്.

ദിവസങ്ങൾക്ക് മുമ്പ്, ആനന്ദ് സിംഗ് ബെല്ലാരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, സ്ഥലത്തെ 3,667 ഏക്കർ ഭൂമി സർക്കാർ JSW സ്റ്റീൽ കമ്പനിക്ക് നൽകിയതിനെതിരെ രൂക്ഷ വിമർശനമാണുയർത്തിയത്. അന്ന് തന്നെ രാജി വയ്ക്കുമെന്ന സൂചന വാർത്താ സമ്മേളനത്തിൽ ആനന്ദ് സിംഗ് നൽകിയിരുന്നതാണ്. ആനന്ദ് സിംഗ് ബിജെപിയിൽ ചേർന്നേക്കുമെന്ന സൂചനകളാണുയരുന്നത്. 

‘മാധ്യമങ്ങളിലൂടെയാണ് എംഎൽഎയുടെ രാജിക്കാര്യം അറിഞ്ഞത്. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. സർക്കാർ സ്വയം താഴെ വീഴുകയാണെങ്കിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ തേടും. വീണ്ടും തിരഞ്ഞെടുപ്പിനുള്ള സാധ്യതയില്ല’– മുൻ മുഖ്യമന്ത്രിയും കർണാടക ബിജെപി അധ്യക്ഷനുമായ ബി.എസ്.യെഡിയൂരപ്പ വ്യക്തമാക്കി.

അതേസമയം, സർക്കാരിനെ വീഴ്‍ത്താമെന്നു ബിജെപി പകൽക്കിനാവ് കാണുകയാണെന്നു യുഎസിലുള്ള മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ട്വീറ്റ് ചെയ്തു.

”ന്യൂ ജഴ്‍സിയിൽ കാലഭൈരവേശ്വര ക്ഷേത്രത്തിന്‍റെ ശിലാന്യാസത്തിനായി അമേരിക്കയിലാണ് ഞാനിപ്പോൾ. സംസ്ഥാനത്ത് നടക്കുന്ന എല്ലാ സംഭവങ്ങളും ഞാനറിയുന്നുണ്ട്. സർക്കാരിനെ താഴെയിടാമെന്നത് ബിജെപിയുടെ പകൽക്കിനാവ് മാത്രമാണ്”, കുമാരസ്വാമി ട്വിറ്ററിൽക്കുറിച്ചു.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ‘ഓപ്പറേഷൻ താമര’ എന്ന പേരിൽ ദൾ – കോൺഗ്രസ് സഖ്യസർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുകയാണെന്ന് വ്യാപകമായ ആരോപണങ്ങൾ ഉയർന്നിരുന്നതാണ്. 20 എംഎല്‍എമാര്‍ രാജിവയ്ക്കുമെന്നും അവരെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരുമെന്നുമാണ് ബിജെപി വൃത്തങ്ങൾ അവകാശപ്പെടുന്നത്. രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിൽ സജീവമല്ലാതായതോടെ കോൺഗ്രസിന് കൃത്യമായ നേതൃത്വം ഇല്ലാത്ത സാഹചര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വം കർണാടകത്തിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.