അഷ്ടമുടി ആശുപത്രിയുടെ പേരിൽ ജയലാൽ എംഎൽഎ സമാഹരിക്കാൻ പദ്ധതിയിട്ടത് 80 കോടി രൂപ

single-img
28 June 2019

കൊല്ലം: തട്ടാമലയിലെ അഷ്ടമുടി ആശുപത്രിയുടെ പേരിൽ സഹകരണ സംഘത്തിനായി എൺപതുകോടിരൂപയോളം സമാഹരിക്കാനാണ് ചാത്തന്നൂർ എംഎൽഎ ജിഎസ് ജയലാൽ ലക്ഷ്യമിട്ടിരുന്നതെന്ന് രേഖകൾ. 5.25 കോടിരൂപ വിലയിട്ട് ആശുപത്രി വാങ്ങിയ സഹകരണ സംഘത്തിന്റെ പ്രസിഡന്റ് ജയലാൽ തന്നെയാണ്.

കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് സിപിഐ നേതാവും ചാത്തന്നൂർ എംഎൽഎയുമായ ജിഎസ് ജയലാൽ പ്രസിഡന്റായി സാന്ത്വനം ഹോസ്പിറ്റൽ കോ ഓപ്പറേറ്റിവ് സൊസൈറ്റി എന്ന സഹകരണ സംഘം രജിസ്റ്റർ ചെയ്യുന്നത്. തൊട്ടടുത്ത മാസം തന്നെ തട്ടാമലയിൽ ബൈപ്പാസിനു സമീപമുള്ള അഷ്ടമുടി ആശുപത്രി വാങ്ങുന്നതിനായി സഹകരണ സംഘത്തിനുവേണ്ടി ജിഎസ് ജയലാൽ ആശുപത്രിയുടെ ഉടമസ്ഥരുമായി 5.25 കോടിരൂപയ്ക്ക് കരാർ ഉണ്ടാക്കുകയും ചെയ്തു.

എന്നാൽ ഈ സഹകരണസംഘത്തിന്റെ ഓഹരികൾ വിറ്റഴിക്കുക വഴി 80 കോടിരൂപ സമാഹരിക്കുന്നതിനായാണ് ലക്ഷ്യമിട്ടിരുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. 1000 രൂപ വിലയുള്ള 5 ലക്ഷം ഓഹരികളും 2000 രൂപ വിലയുള്ള ഒരുലക്ഷം ഓഹരികളും 500 രൂപ വിലയുള്ള രണ്ടുലക്ഷം ഓഹരികളും വിറ്റഴിച്ച് 80 കോടിരൂപ മൂലധനം കണ്ടെത്തുമെന്നാണ് സഹകരണ സംഘത്തിന്റെ ഗസറ്റ് രേഖകൾ പറയുന്നത്.

എന്നാൽ ഇത്തരം നീക്കങ്ങളൊന്നും പാർട്ടി നേതൃത്വവുമായി ആലോചിക്കാതെ നടപ്പാക്കിയ എംഎൽഎ ധനസമാഹരണത്തിനായി വിദേശയാത്ര നടത്തുവാൻ അനുമതി തേടി കത്തുനൽകിയപ്പോഴാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പോലും ഇതറിയുന്നതെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്. എന്നാൽ ജയലാലിന് ചില ഉന്നത സംസ്ഥാന നേതാക്കളുടെ പിന്തുണയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള മുല്ലക്കര രത്നാകരന്റെ പോലും അറിവില്ലാതെ രൂപീകരിച്ച സഹകരണസംഘത്തിന്റെ ഡയറക്ടർ ബോർഡിൽ ചാത്തന്നൂർ കൊട്ടിയം മേഖലയിൽ നിന്നുള്ള നിരവധി പ്രാദേശിക നേതാക്കൾ കടന്നുകൂടിയിട്ടുമുണ്ട്.

ആശുപത്രി വാങ്ങുന്നതിന് കരാർ പ്രകാരം പ്രാരംഭഘട്ടത്തിൽ നൽകേണ്ടിവന്ന 1.79 കോടി രൂപ എങ്ങനെ കണ്ടെത്തിയെന്നതും ദുരൂഹമാണ്. ഒരു ഇടതുപക്ഷ പാർട്ടിയുടെ എംഎൽഎയ്ക്ക് ഇത്തരമൊരു വലിയ കച്ചവടം നടത്താൻ മറ്റാരുടെയെങ്കിലും സഹായ ലഭിച്ചിട്ടുണ്ടോയെന്നും പാർട്ടി നേതൃത്വം അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൊല്ലത്തെ ജ്യുവലറി ഉടമയായ ബി പ്രേമാനന്ദ് ഉൾപ്പടെയുള്ളവർ സംഘത്തിന്റെ ഡയറക്ടർ ബോർഡിൽ ഉണ്ട് എന്നതും ശ്രദ്ധേയമാണ്.

അഷ്ടമുടി ആശുപത്രിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന ആശുപത്രിയുടെ ഷെയർ ഹോൾഡറും പ്രശസ്ത സർജ്ജനുമായ ഡോ. ബൈജു സേനാധിപന്റെ ആരോപണത്തിനു പിന്നാലെയാണ് ഈ സംഗതികൾ വാർത്തകളിൽ നിറയുന്നത്.