പരിഹാസത്താലും അവഗണനയിലും നാട് വിട്ടു; മമ്മൂട്ടിയുടെ കൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ നായികയായി പ്രശസ്തി; ഇപ്പോള്‍ മുടങ്ങിയ പഠനവും പുനരാരംഭിക്കാന്‍ അഞ്ജലി അമീര്‍

single-img
28 June 2019

ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക അഞ്ജലി അമീര്‍ വീണ്ടും പഠിക്കാനായി കോളേജിലെത്തി. പേരന്പ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ഏവർക്കും സുപരിചിതയായ അഞ്ജലി അമീര്‍ ഇനി കോളേജ് കുമാരിയാകും. ഒരിക്കൽ നാട് വിടുമ്പോൾ പ്ലസ്ടുവിന് മുടങ്ങിയ പഠനം ഈ വര്‍ഷം പുനരാരംഭിക്കാനാണ് തീരുമാനം. വീണ്ടും പഠിക്കാനായി കോഴിക്കോട് മലബാര്‍ ക്രിസ്റ്റിയന്‍ കോളേജിലാണ് അഞ്ജലി എത്തിയത്.

ഇന്ന് കോളേജിലെത്തിയ അഞ്ജലിയെ എസ്എഫ്‌ഐയും യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചു. അഡ്മിഷനുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായാല്‍ ഈ വര്‍ഷം തന്നെ ക്ലാസിലിരിക്കാം. പഠിക്കാനായി പ്രായം പ്രശ്‌നമല്ലെന്നും അഞ്ജലിക്ക് ഇഷ്ടമുള്ള കോളേജില്‍ പഠിക്കാമെന്നും കാലിക്കറ്റ് സര്‍വകലാശാല വിസിയും അറിയിച്ചു.

ബിരുദത്തിന് മലയാളം ഐഛിക വിഷയമായി പഠിക്കാനാണ് തീരുമാനം. ഒരിക്കൽ പരിഹാസവും അവഗണനയും സഹിക്കാനാകാതെ വന്നപ്പോഴാണ് അഞ്ജലി നാടുവിടുന്നത്. അന്ന് പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണുണ്ടായിരുന്നത്. അതിന് ശേഷം പ്ലസ്ടു എഴുതിയെടുത്തു. തുടർന്നും പഠിക്കണം, ഒരിക്കല്‍ തനിക്ക് കൈമോശം വന്നതെല്ലാം തിരിച്ചുപിടിക്കണമെന്നും അഞ്ജലി പറഞ്ഞു.